വാക്കേ വാക്കേ കൂടെവിടെ?
ആരാരുടെയോ തന്ത
മരണപ്പെട്ടാൽ,അതു കേട്ടാൽ
നിരണത്തിലും നതോന്നതയിലും
നിറഞ്ഞു കവിഞ്ഞു കരയും
കരുവല്ല,കണ്ണീരല്ല
എല്ലും പല്ലുമുള്ള മലയാളവാക്ക്
ഇടവപ്പാതിമഴയിൽ
ഇടനാഴിനടയിൽ
ഇറുകിച്ചടഞ്ഞു വാഴും
ഇട്ടിവേശി നേത്യാരമ്മയ്ക്ക്
രണ്ട് മൂന്നക്കി മുറുക്കാൻ
വിണ്ട ചുണ്ട് ചുവപ്പിക്കാൻ
തമ്പുരാനും നമ്പൂതിരിയും
തന്തപ്പട്ടരുമൊന്നിച്ച്
ഇടിച്ചു വെച്ച പാക്കല്ല
ഇടിത്തീ വെടിക്കും വാക്ക്
ചുടുക്കാപ്പിക്കടയിൽ
ചുമ്മാതിരിക്കും ചുപ്പാമണിയന്
തുടരനെഴുതിത്താളിൽ വിളമ്പാൻ
മെദുവടയല്ലെടോ മലയാളവാക്ക്
വാനൊലിയാലയത്തിൽ
വഷളൻ വെടികൾ വെളിയിൽ വിട്ട്
അകലെയിരിക്കും മാളോരുടെ
ചെറുചെവിയിൽ ചൊറി വിതറാൻ
തരപ്പെടുത്തിയ താപ്പല്ല
തപ്പിലും മപ്പിലും വീർപ്പായ്
വിടർന്നു തുടം വായ്ച്ച മലയാളവാണി
മുഖമില്ലാത്ത നടികൾക്ക്
മുലയും മൂടും കുലുക്കാൻ
ഇളിച്ചിവായന്മാരീണം കൂട്ടി
ത്തുളിക്കും മെഴുക്കല്ല
പാണന്റ്റെ ഉടുക്കിലും
പാടത്തിൻ മുടുക്കിലും
പാടിയാടിയ പുന്നാര വാക്ക്
മനസ്സിലെയതിസാരത്താൽ
മന്ത്രിമാരുരതൂറ്റുമ്പോൾ
അതും പെറുക്കി,യധിപന്റെ
മുഞ്ഞിമൊഴിയും പിഴിഞ്ഞൊഴിച്ച്
പത്രത്തിലുടച്ചു ചേർക്കാൻ
പറ്റും പയറ്റു മണിയല്ല
പറ്യന്റെ ചെണ്ടയിലും
ഉറയുന്ന തൊണ്ടയിലും
ഉയരം കൊണ്ടുയിർ പെറ്റ്
ഊറ്റമൂട്ടിയ നമ്മുടെ വാക്ക്
വാക്കേ വാക്കേ കൂടെവിടെ?
വളരുന്ന നാവിന്റെ കൊമ്പത്ത്
വാക്കേ വാക്കേ കൂടെവിടെ?
വാക്കേ വാക്കേ കൂടെവിടെ?
ReplyDeleteവാക്കേ വാക്കേ കൂടിവിടെ!
നന്നായിരിക്കുന്നു കവിത..നല്ല ഒഴുക്കുള്ള ശൈലി!
ആശംസകള്‍!
please post about m.govindan
ReplyDelete