Friday, August 6, 2010

അമേരിക്കയും പേടിക്കുന്ന 'വിക്കിലീക്ക്‌സ്'


Posted on: 26 Jul 2010
അഫ്ഗാൻ വാർ ഡയറി ഡൌൺലോഡ് ചെയ്യൂ.
-ജോസഫ് ആന്റണി


ലോകത്തെ കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ മാത്രമല്ല, സാക്ഷാല്‍ അമേരിക്ക പോലും പേടിക്കുന്ന ഒന്നായി 'വിക്കിലീക്ക്‌സ്' മാറിയിരിക്കുന്നു. ആരും കാണാത്ത രഹസ്യരേഖകളും, ഭരണകൂടങ്ങള്‍ പുറത്തു പറയാന്‍ ഭയക്കുന്ന വിവരങ്ങളും വെളിപ്പെടുത്തികൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് ഈ വെബ്ബ്‌സൈറ്റ്. വിക്കിലീക്ക്‌സിന്റെ പൂര്‍വകാലം അറിയാവുന്നവര്‍ക്ക് പക്ഷേ, അതില്‍ അത്ഭുതം തോന്നില്ല എന്നതാണ് വാസ്തവം.

രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ അമേരിക്കയെ കഴിഞ്ഞേ ഉള്ളൂ ആരും. ലോകമെങ്ങും അമേരിക്കയുടെ ചാരശൃംലകള്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നു. രഹസ്യഏജന്റുകളും ചാരഉപഗ്രഹങ്ങളുമടക്കം നൂറുകണക്കിന് കണ്ണുകളാണ് ലോകമേലാളന് വേണ്ടി സദാസമയം തുറന്നിരിക്കുന്നത്. അങ്ങനെയുള്ള അമേരിക്കയുടെ രഹസ്യങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തപ്പെടുന്നു എന്നു പറഞ്ഞാല്‍....! കടുവയെ കിടുവ പിടിക്കുകയെന്ന് കേട്ടിട്ടേയുള്ളു, അതാണ് സംഭവിച്ചിരിക്കുന്നത്. സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വിക്കിലീക്ക്‌സ്'(Wikileaks) എന്ന വെബ്‌സൈറ്റ്, അമേരിക്കയുടെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യംചോര്‍ത്തലാണ്
നടത്തിയിരിക്കുന്നത്. 2004-2009 കാലത്ത് അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ സൈനിക നടപടികളുമായി ബന്ധപ്പെട്ട 90,000 ലേറെ രഹസ്യരേഖകള്‍ ഒറ്റയടിക്ക് പുറത്തുവിട്ടുകൊണ്ടാണ് വിക്കിലീക്ക്‌സ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഡസണ്‍ കണക്കിന് സാധാരണക്കാര്‍ അഫ്ഗാനിസ്ഥാനില്‍ യു.എസ്.സൈനിക നടപടിയുടെ ഭാഗമായി കൊല്ലപ്പെട്ടതിന്റെ ഇതുവരെ പുറത്തുവരാത്ത വിവരങ്ങളും, അമേരിക്ക നല്‍കുന്ന സഹായം താലിബാനെയും മറ്റും തുണയ്ക്കാന്‍ പാക്ഭരണകൂടം ഉപയോഗിക്കുന്നതിന്റെയുമൊക്കെ സ്‌തോഭജനകമായ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

സ്വാഭാവികമായും വായനക്കാര്‍ക്ക് സംശയം തോന്നാം, ഇത്ര വലിയ വിവരവിസ്‌ഫോടനം സൃഷ്ടിക്കുന്ന വിക്കിലീക്ക്‌സ് യഥാര്‍ഥത്തില്‍ എന്താണ്, ആരാണ് ഇതിന് പിന്നില്‍. അമേരിക്കയെപ്പോലും വിറപ്പിക്കാന്‍ പാകത്തില്‍ അതിനെങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. എന്നാല്‍, വിക്കിലീക്ക്‌സിന്റെ ചരിത്രം അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ക്ക് ആ വെബ്‌സൈറ്റിനെപ്പറ്റി അത്ഭുതം തോന്നില്ല എന്നതാണ് വാസ്തവം. ഇതിനു മുമ്പും പലരെയും പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നടത്തി വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച സൈറ്റാണ് വിക്കിലീക്ക്‌സ്. ഇറാഖില്‍ അബു ഗരീബ് ജയിലിലെ 'പീഡന മാന്വലും', അമേരിക്കന്‍ സൈനികര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതിന്റെ ജറ്റു വിമാനങ്ങളില്‍ നിന്നുള്ള വീഡിയോദൃശ്യങ്ങളും, 'സയന്റോളജി'യെന്ന അനുഷ്ഠാനക്രമത്തിന്റെ രഹസ്യങ്ങളും, എന്തിന് സാറാ പോലിന്റെ സ്വകാര്യ ഇമെയില്‍ സന്ദേശങ്ങള്‍ പോലും പുറത്തു കൊണ്ടുവരിക വഴി വിവാദങ്ങളും വിമര്‍ശനങ്ങളും, അതുപോലെ തന്നെ ബഹുമതികളും ഏറ്റുവാങ്ങിയിട്ടുള്ള സൈറ്റാണ് വിക്കിലീക്ക്‌സ്.

ഓസ്‌ട്രേലിയക്കാരനായ ജൂലിയന്‍ അസ്സാന്‍ജ് 2007 ജനവരിയിലാണ് സ്വീഡന്‍ കേന്ദ്രമായി വിക്കിലീക്ക്‌സ് സ്ഥാപിക്കുന്നത്. ഇതുവരെ 12 ലക്ഷം രഹസ്യരേഖകള്‍ ഇതിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. നീതിക്കു വേണ്ടിയോ പ്രതികാരത്തിനു വേണ്ടിയോ ഉള്ള വെബ്ബ് ഉപഭോക്താക്കളുടെ അഭിവാഞ്ചയെയാണ് വിക്കിലീക്ക്‌സ് പ്രയോജനപ്പെടുത്തുന്നത്. കമ്പനികളിലെ മുന്‍ഉദ്യോഗസ്ഥരും മുന്‍ഉടമസ്ഥരുമൊക്കെ വിക്കിലീക്ക്‌സിലേക്ക് രേഖകള്‍ ചോര്‍ത്തിക്കൊടുക്കുന്നു. അമേരിക്കന്‍ സൈനികര്‍ ഇറാഖിലെ അബു ഗരീബ് തടവറയില്‍ നടത്തിയ ക്രൂരവും നിന്ദ്യവുമായ പീഢനമുറകള്‍ തുറന്നുകാട്ടുക വഴി അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മതി നേടാന്‍ വിക്കിലീക്ക്‌സിന് കഴിഞ്ഞു. ആ തടവറ അടച്ചുപൂട്ടാനുള്ള യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയുടെ തീരുമാനത്തിന് പിന്നില്‍ പോലും വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തുലുകള്‍ സ്വാധീനം ചെലുത്തിയതായി നിരീക്ഷകര്‍ കരുതുന്നു.


സണ്‍ഷൈന്‍ പ്രസ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വിക്കിലീക്ക്‌സിലേക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും വിവരം നല്‍കാം. പക്ഷേ, അതുകൊണ്ടു മാത്രം ഒരു വിവരമോ രേഖയോ പ്രസിദ്ധീകരിക്കപ്പെടണം എന്നില്ല. കര്‍ക്കശമായ എഡിറ്റോറിയല്‍ നയത്തിന്റെ വെളിച്ചത്തിലേ വിക്കിലീക്ക്‌സില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടൂ. 'ഏഷ്യ, മുന്‍സോവിയറ്റ് മേഖല, സബ് സാഹാറന്‍ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളുടെ ചെയ്തികള്‍ തുറുന്നു കാട്ടുക, സര്‍ക്കാരുകളുടെയോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയോ അധാര്‍മിക പ്രവൃത്തികള്‍ തുറന്നു കാട്ടാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക' എന്നിവയാണ് വിക്കിലീക്ക്‌സിന്റെ അടിസ്ഥാന താത്പര്യമെന്ന് സൈറ്റ് പറയുന്നു. ഇപ്പോഴത്തെ എഡിറ്റോറിയല്‍ നയമനുസരിച്ച് 'രാഷ്ട്രീയമോ ചരിത്രപരമോ ധാര്‍മികമോ ആയ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ'. സബ്മിറ്റ് ചെയ്യപ്പെടുന്ന രേഖകളും വിവരങ്ങളും പ്രസിദ്ധീകരണത്തിന് മുമ്പ് അഞ്ച് പരിശോധകര്‍ കര്‍ക്കശമായി വിലയിരുത്തുക മാത്രമല്ല, രേഖകള്‍ സമര്‍പ്പിച്ച വ്യക്തിയുടെ 'പശ്ചാത്തലം' നോക്കുക കൂടി ചെയ്യുമെന്ന് ഈ വര്‍ഷമാദ്യം അസ്സാന്‍ജ് പ്രസ്താവിക്കുകയുണ്ടായി.

വിക്കിലീക്ക്‌സ് നിര്‍ത്തലാക്കാനും അതിന്റെ സെര്‍വറുകള്‍ പൂട്ടിക്കാനും ഇതിനകം പലരും ശ്രമിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ചൈന തുടങ്ങി പല രാജ്യങ്ങളും ജൂലിയസ് ബയര്‍ ബാങ്കുമൊക്കെ അതിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാരണം, സങ്കീര്‍ണമായ വെബ്ബ്‌ഹോസ്റ്റിങ് സംവിധാനമാണ് വിക്കിലീക്ക്‌സ് ഉപയോഗിക്കുന്നത്. അതിനാല്‍, ഏതൊക്കെ സെര്‍വറുകളാണ് വിക്കിലീക്ക്‌സിന്റേതെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഒരു ചോദ്യവും ഉന്നയിക്കാതിരിക്കുകയും കക്ഷികളുടെ രേഖകളും വിവരങ്ങളും വിരളമായി മാത്രം സൂക്ഷിക്കുകയും ചെയ്യുന്ന 'ബുള്ളറ്റ്പ്രൂഫ്‌ഹോസ്റ്റിങ്' ('bulletproofhosting') അവലംബിക്കുന്ന സ്വീഡിഷ് കമ്പനിയായ പി.ആര്‍.ക്യുവിന്റെ സേവനവും വിക്കിലീക്ക്‌സ് തേടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുമൂലം ഏതെങ്കിലും നിയമവിരുദ്ധരേഖകള്‍ സൂക്ഷിക്കുന്നതിന്റെ പേരില്‍ നടപടിയെടുക്കുക ദുഷ്‌ക്കരമാകുന്നു. മാത്രമല്ല, യഥാര്‍ഥ വിക്കിലീക്ക്‌സ് സൈറ്റ് ലഭ്യമല്ലാതെ വന്നാല്‍ അതിലെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒട്ടേറെ ബദല്‍ സൈറ്റുകളും വെബ്ബിലുണ്ട്. വിക്കിലീക്ക്‌സിലേക്ക് വിവരങ്ങളും രേഖകളും സമര്‍പ്പിക്കാനും ഇത്തരം അപരസൈറ്റുകള്‍ നിലവിലുണ്ട്.

വിവിരവിനിമയ സ്വാതന്ത്ര്യത്തിന് സ്വയം സമര്‍പ്പിച്ചിരിക്കുന്ന ഈ സൈറ്റ് പ്രശസ്തമാണെങ്കിലും അതിന്റെ സ്ഥാപകന്‍ അത്ര പ്രശസ്തിയാഗ്രഹിക്കാത്ത വ്യക്തിയാണ്. നിഗൂഢമായ ജീവിതമാണ് സൈറ്റിന്റെ സ്ഥാപകനായ ജൂലിയന്‍ അസ്സാന്‍ജ് നയിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ജനിച്ച അസ്സാന്‍ജ് പതിനേഴാം വയസ്സില്‍ വീടുവിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. 39 -കാരനായ അസ്സാന്‍ജിന് സ്ഥിരം മേല്‍വിലാസമില്ല. അപൂര്‍വമായി മാത്രമേ പുറത്ത് പ്രത്യക്ഷപ്പെടാറുള്ളു, അതും സാധാരണഗതിയില്‍ സ്വീഡനിലോ ഐസ്‌ലന്‍ഡിലോ മാത്രം. ഇന്റര്‍നെറ്റില്‍ അജ്ഞാതനായിരിക്കാനുള്ള നിയമപരിരക്ഷ നല്‍കുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. അപൂര്‍വമായി മാത്രമേ അസ്സാന്‍ജ് അഭിമുഖങ്ങള്‍ അനുവദിക്കാറുള്ളു. അടുത്തയിടെ അമേരിക്കയിലെ 'വയേര്‍ഡ്' (Wired) മാഗസിന് അനുവദിച്ച അഭിമുഖത്തില്‍, വന്‍തോതില്‍ രേഖകള്‍ തന്റെ പക്കലെത്തുന്നുണ്ടെങ്കിലും, അവയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള വോളണ്ടിയര്‍മാരുടെ അഭാവം മൂലം വെളിപ്പെടുത്താന്‍ കഴിയുന്നില്ല എന്ന് പറയുകയുണ്ടായി. ഏതായാലും, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇത്രകാലവും സാധ്യമാകാത്ത തരത്തിലുള്ള വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനം ലോകത്ത് പലരുടെയും ഉറക്കം കെടുത്തുകയാണ്. (കടപ്പാട് : 
വിക്കിലീക്ക്‌സ്, ടെലഗ്രാഫ്, ബി.ബി.സി.ന്യൂസ്).                                                                                                           

No comments:

Post a Comment