Tuesday, June 22, 2010

മൊബൈൽ മരണം

വയനാട് ജില്ലയിലെ എഴുതിത്തെളിഞ്ഞു വരുന്ന പുതിയ കഥാക്യത്തുക്കളിലൊരാളുടെ ചെറുകഥയാണിത്.ദയവായി അഭിപ്രായങ്ങൾ അറിയിക്കുക.

                                            മൊബൈൽ മരണം
                                     ജോസ് പാഴൂക്കാരൻ,പുല്പള്ളി

              അവർ ഒരു മരത്തിന്റെ ചുവട്ടിൽ പരസ്പരം കണ്ടുമുട്ടി.നല്ല പടർപ്പൻ കമ്പുകളുള്ള ആ മരം നിലാവിൽ അവർക്കു മുകളിൽ കുട വിരിച്ചു നിന്നു.
             മുകളിലേക്കു നോക്കി ഇരുവരും ത്യപ്തിപ്പെട്ടു.
             അവർ മരത്തിന്റെ പൊന്തിയ വേരിൽ ഇരുന്നപ്പോൾ,ആ മടിയിലേക്ക് തല ചേർത്ത് വച്ച് അവൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു.ഉടുമുണ്ടിൽ  കണ്ണീരൊപ്പി അവൻ പറഞ്ഞു.
              മരിക്കണമെന്നുള്ള നിന്റെ അവസാനത്തെ മെസേജ് എനിക്കു കിട്ടി.
ഒപ്പം നീയുമുണ്ടെന്ന് എനിക്കും,അവൾ പറഞ്ഞു.
              നിനക്കു വല്ലാതെ വേദനിച്ചു....എനിക്കും...
              അവർ മൊബൈലുകളെടുത്ത് ഇതു വരെ അയച്ച് രസിച്ച മെസേജുകളെല്ലാം ഒരിക്കൽ കൂടി വായിച്ചു.
            എന്താ പേര്?
            സൌമ്യ.....
           എവിടെ പoക്കുന്നു?
           എട്ട് ബി യിൽ
           എനിക്കിഷ്ടമായി!
           നിന്നെയും......!
           നാളെ കാണുമോ?
           ഫാത്തിമ ബസ്,മോർണിംഗ് 9.30...
            .................
            അവർ മൊബൈലുകൾ തമ്മിൽ ചേർത്തു പിടിച്ച് വിമ്മിക്കരഞ്ഞു.
ആദ്യമായി ഞാൻ നിന്നെ ചുംബിക്കുമ്പോൾ നീ ഭയന്നു ചുവന്നിരുന്നു.പിന്നെ ലജ്ജ കൊണ്ട് തുടുത്തു.പിന്നെ പൊട്ടിച്ചിരിച്ചു.ഇപ്പോൾ പൊട്ടിക്കരയുന്നു.
നമ്മുടെ ചുംബനങ്ങൾ ആരാണ് മൊബൈലിൽ പകർത്തിയത്?
            അറിയില്ല.
            എങ്ങനെയാണ് നെറ്റിൽ പടർന്നത്?
            അറിയില്ല.
            നീ എന്നെ ചതിക്കുകയായിരുന്നു?
           ഞാനല്ല.....ഈ മൊബൈലാണ് ചതിയൻ....
           അവൻ ദ്യശ്യങ്ങൾ തെളിച്ചു കാണിച്ചു.
ഇരുവരും പുണരുന്നതിന്റെ രാസക്കൂട്ട് കണ്ട് അവൾ കണ്ണുപൊത്തി.
          നിനക്കിതാരാണ് തന്നത്?
         എന്റച്ഛൻ.
         നിനക്കോ?
         എന്റമ്മ.അപകടത്തിൽ പെട്ടാൽ വിളിക്കാനാണ്.പുറത്തുപോയാൽ അമ്മയുടെ ടെൻഷൻ നിനക്കറിയില്ല.
          നമുക്കിത് അടിച്ചു തകർക്കാം....?
           അരുത്!നമുക്കിത് വേരുകൾക്കിടയിൽ പരസ്പരം ചേർത്ത് വെക്കാം.മരണശേഷം ആളുകൾ നമ്മുടെ പ്രണയത്തിന്റെ ആഴം അറിയട്ടെ.....
           അവൻ അപ്രകാരം ചെയ്ത ശേഷം ഉടുത്തിരുന്ന മുണ്ട് വലിച്ചു കീറി രണ്ടായി പിണച്ചു.
           നമുക്ക് മരിക്കണ്ടേ......?
           വേണം.
           അവൻ പടർപ്പൻ കൊമ്പിൽ മുണ്ടുകൊണ്ട് രണ്ട് വട്ടമുണ്ടാക്കി.
അവർ അവസാനമായി വീണ്ടും പുണർന്നു.
           പൊടുന്നനെ,താഴെ ഒട്ടിച്ചേർന്നിരുന്ന മൊബൈലുകളിൽ ഒരേ സമയം രണ്ട് മെസേജുകൾ ശബ്ദമിളക്കി.
           മരിക്കുന്നതിനു മുൻപുള്ള മെസ്സേജുകളിൽ അവരുടെ ആകാംക്ഷ മുറുകി.
മൊബൈലുകൾ മിഴി തുറന്നു.ചിരിച്ചു.
            കോൾ വിളിക്കാനുള്ള നിങ്ങളുടെ കാലാവധി അവസാനിച്ചിരിക്കുന്നു.വീണ്ടും റീ‍ചാർജ്ജ് ചെയ്യൂ! നേടൂ ഒരടിപൊളി ഓഫർ!
അവർ പരസ്പരം നോക്കി .പിന്നെ,മൊബൈലുകൾ മുകളിലെ കുരുക്കിൽ ഞാത്തിമുറുക്കി.
            എന്നിട്ട്,മുഖം തിരിഞ്ഞ് നടന്നു.....
                                              *************
ജോസ് പാഴൂക്കാരൻ എഴുതിയ  ’അരിവാൾ ജീവിതം’  എന്ന നോവലിന്റെ ഒരാസ്വാദനം ‘മാത്യഭൂമി’ ദിനപത്രത്തിൽ വന്നത് ചേർക്കുന്നു:

ജഗന്തിയെന്ന പെണ്ണ്‌
Posted on: 21 Jun 2010


ഡോ. ഖദീജ മുംതാസ്‌(പ്രൊഫസര്‍,മെഡിക്കല്‍ കോളേജ്,കോഴിക്കോട്)



സ്ത്രീപഥം


സിരകള്‍ക്കുള്ളില്‍ നൊമ്പരം അരിവാള്‍ പോലെ വളഞ്ഞുകുത്തിനില്ക്കുന്ന അനുഭവമായിരുന്നു ജോസ് പാഴൂക്കാരന്റെ 'അരിവാള്‍ ജീവിത'മെന്ന നോവലും നായിക ജഗന്തിയും പകര്‍ന്നുതന്നത്. അട്ടയെക്കൊണ്ടു ചോരയൂറ്റിച്ചും, ലോഹം പഴുപ്പിച്ചു ചൂടുവെച്ചും നിസ്സഹായരായി നിലത്തു വീണുരുണ്ടും ഗോത്രവംശജര്‍ സ്വന്തം ശരീരങ്ങളില്‍ നിന്ന് പിഴുതു മാറ്റാന്‍ പെടാപ്പാടുപെടുന്ന നൊമ്പരത്തെപ്പറ്റി, ഹൈഡ്രോക്‌സിയൂറിയയിലും ഫിനോബാര്‍ബിറ്റോണ്‍ ഗുളികകളിലും അടങ്ങുവാന്‍ മടിക്കുന്ന വേദനകളെപ്പറ്റി ഈനാള്‍ വരെ കാര്യമായൊന്നും ഞാനറിഞ്ഞിരുന്നില്ല, എത്രയോ അരിവാള്‍ രോഗികള്‍ (Sickle Cell Anaemia)എന്റെയും ചികിത്സാപരിസരങ്ങളിലൂടെ നിശ്ശബ്ദം കടന്നു പോയിട്ടും!

ആഫ്രിക്കയിലായാലും കേരളത്തിലായാലും കാടിന്റെ മക്കളായ ഗോത്രവംശജര്‍ തന്നെയാണ് സിക്കിള്‍ സെല്‍ അനീമിയയുടെ എപ്പോഴത്തേയും ഇരകള്‍. നിഷ്‌കളങ്കരും ശാന്തപ്രകൃതികളുമായ മനുഷ്യര്‍ അതിജീവനക്ഷമരല്ലെന്ന് തോന്നിപ്പിക്കുംവിധം അവരുടെ ജനിതകനാരുകളില്‍ പ്രകൃതി മരണ വാറന്റുപോലെ പതിപ്പിച്ചുവിടുകയാണ്, രക്തകോശങ്ങളെ വികലവും നാശോന്മുഖവുമാക്കുന്ന സിക്കിള്‍സെല്‍ ജീനുകള്‍. പൂര്‍വികരുടെ രക്താണുക്കളെ ദീര്‍ഘകാലം ആക്രമിക്കുകയും തളര്‍ത്തുകയും ചെയ്തിരുന്ന മലേറിയാ അണുക്കളെ പ്രതിരോധിക്കാനായി രൂപാന്തരം പ്രാപിച്ചവയായിരിക്കാം ഒരു പക്ഷേ ഈ ജീനുകള്‍.

എന്നിട്ടോ? എയ്ഡ്‌സിനോളം മാരകമായവിധത്തില്‍ പിന്‍ഗാമികളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും പ്രഹരമേല്‍പ്പിച്ചു വിജയാഹ്ലാദം കൊള്ളുകയാണ് ഇന്നവ. ആദിവാസി സമൂഹത്തിന്റെ ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ അംഗങ്ങള്‍ ഈ രോഗത്തിന്റെ പിടിയിലമര്‍ന്നിട്ടും അധികാരവര്‍ഗം ഈ നിസ്സഹായര്‍ക്കു നേരെ ക്രൂരമായ നിസ്സംഗത കാട്ടുന്നുണ്ടോ?

ആദിവാസി ക്ഷേമമെന്ന പേരില്‍ അളവില്ലാത്ത പണം ഏതൊക്കെയോ ചാലുകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുമ്പോഴും ഗോത്രസമൂഹങ്ങളെത്തന്നെ തുടച്ചുനീക്കുമാറ് കരാളരൂപംപൂണ്ട രോഗത്തിനെതിരെ ''നിങ്ങള്‍ സമരം ചെയ്യൂ. ഗവണ്‍മെന്റ് ഫണ്ടനുവദിച്ചാല്‍ എല്ലാ പ്രശ്‌നവും തീരും'' എന്നു നിസ്സംഗരാവാന്‍ ഡോക്ടര്‍ സമൂഹം തുനിയുന്നത് നോവലില്‍ മാത്രമാണോ?

നവീകരിച്ച സര്‍ജിക്കല്‍ വാര്‍ഡുകളും ആദിവാസി ക്ഷേമത്തിന് ഫീല്‍ഡുചുറ്റാനുള്ള ടാറ്റാ സുമോ വാനുകളും സര്‍ക്കാറാസ്​പത്രികളിലെത്തുന്ന കാടിന്റെ മക്കളെ നോക്കി പരിഹാസച്ചിരിയുയര്‍ത്തുകയാണ്. ആദിവാസിക്ക് പഠിപ്പില്ല, ലോകവിവരമില്ല, വികാരങ്ങളില്ല, വേദനകളില്ല, സാമൂഹികബോധവുമില്ല! അതുകൊണ്ടുതന്നെ, സ്വന്തം മക്കള്‍ രോഗം ബാധിച്ച് തീവ്രവേദനയില്‍ അലറിക്കരയുമ്പോള്‍ ''എനക്കു ബയ്യ; മരിച്ചാല് മരിക്കട്ടെ!'' എന്നു നിസ്സംഗരാവാന്‍ ഇനിയൊന്നും വിറ്റുതുലയ്ക്കാനില്ലാത്ത ആദിവാസി മാതാപിതാക്കള്‍ നിര്‍വികാരരാകുന്നു.

രോഗത്തിന് ആണ്‍പെണ്‍ ഭേദമില്ലെങ്കിലും വികല ജീനിന്റെ വാഹകരെന്ന പേരില്‍ ചെട്ടിസമുദായത്തിലെ പുരുഷര്‍, സ്വസമുദായത്തിലെ സ്ത്രീകളെ തള്ളിപ്പറഞ്ഞ് നമ്പ്യാര്‍ പെണ്‍കുട്ടികളെയും നായര്‍പെണ്‍കുട്ടികളെയും തേടിപ്പോകുന്നു. ജന്മം മുഴുവന്‍ അവിവാഹിതരായി കഴിയേണ്ടിവരുമെന്നു പേടിച്ച് കന്യകമാര്‍ ആത്മഹത്യ ചെയ്യുന്നു. രോഗം ബാധിച്ചവര്‍ അപകര്‍ഷതയോടെ അതു മറച്ചുവെച്ച് കുടിലിലെ ഇരുളില്‍ വിളര്‍ത്തുവിരണ്ട് അകാലവാര്‍ധക്യം വരിക്കുന്നു.

എം.ടി.യേയും മാധവിക്കുട്ടിയേയും വായിക്കുന്ന, ശ്രുതിമധുരമായി പാടാനറിയുന്ന അമ്മാളുവിനെപ്പോലെയുള്ള കുരുന്നുപ്രതിഭകള്‍ രോഗത്താല്‍ വാടി, അകാലത്തില്‍ മുരടിച്ചു പോകുന്നു..... രോഗമായാലും ദാരിദ്ര്യമായാലും ഏറ്റവുമധികം പീഡകളനുഭവിക്കേണ്ടിവരുന്നത് എപ്പോഴും സ്ത്രീ തന്നെ!

ഏത് ഇരുളിലും ഒരു ആശാകിരണം ജ്വലിക്കാതിരിക്കുമോ? ജഗന്തിയെന്ന ചെട്ടിച്ചിപ്പെണ്ണിലൂടെയാണ് നോവലില്‍ വയനാട്ടിലെ അരിവാള്‍ രോഗികള്‍ ഉയിര്‍ത്തെഴുന്നേല്പിന്റെ തപ്പും തുടിയും കേട്ടുതുടങ്ങുന്നത്. കുടകിന്റെ സൗന്ദര്യവും സ്വാതന്ത്ര്യബോധത്തിലൂന്നിയ വിദ്യാഭ്യാസവും കൈമുതലായുണ്ടായിരുന്ന ജഗന്തിക്ക് വ്യക്തിപര നഷ്ടങ്ങളും അസ്വാതന്ത്ര്യവുമായി അരിവാള്‍ രോഗം ബാധിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വയനാടന്‍ മണ്ണില്‍ സ്വത്വവേരുകളാഴ്ത്തിയ സ്വന്തം ചെട്ടി സമുദായാംഗങ്ങളില്‍ മാത്രമല്ല, തങ്ങളോടിണങ്ങിക്കഴിയുന്ന പ്രാക്തന ഗോത്രസമുദായാംഗങ്ങളായ പണിയ, അടിയ വംശജരിലും അരിവാള്‍ രോഗം ഏല്പിക്കുന്ന ആഘാതത്തിന്റെ ഭീകരത എത്രമാത്രമാണെന്ന് ജഗന്തി അറിഞ്ഞുതുടങ്ങുന്നത് രോഗബാധിതയായതിനുശേഷം മാത്രം. നിശ്ചയിക്കപ്പെട്ട വിവാഹം മുടങ്ങി മാനസികമായി ഒറ്റപ്പെട്ടപ്പോള്‍, തന്നെപ്പോലെ വേദനയനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ദൃഢനിശ്ചയമെടുക്കുകയാണ് അവള്‍. ഒറ്റയാള്‍ പട്ടാളമായി അവള്‍ ഇറങ്ങിപ്പുറപ്പെട്ടു,

ഏറ്റവും അടുത്ത അരിവാള്‍ ബാധിത കുടുംബത്തിലേക്കുതന്നെ. പതുക്കെപ്പതുക്കെ അവള്‍ക്കു കൂട്ടാവുകയാണ്, അവള്‍ തന്നെ ഊതിപ്പെരുക്കിയെടുത്ത ആത്മവിശ്വാസവുമായി അവളെപ്പോലെ അവശരായവര്‍.അവരില്‍ പുരുഷന്മാരും കുട്ടികളും സ്ത്രീകളുമുണ്ട്. അരിവാള്‍ രോഗികളായ തങ്ങളുടെ അതിദീനമായ അവസ്ഥയ്ക്ക് കാരണം വെറും രോഗം മാത്രമല്ല, സമുദായാംഗങ്ങളുടെ നിഷ്‌കളങ്കതയും അന്ധവിശ്വാസങ്ങളും വിദ്യാഭ്യാസമില്ലായ്മയും സാമൂഹികബോധമില്ലായ്മയും ഒക്കെ കൂടിയാണെന്ന് അവര്‍ തിരിച്ചറിയുകയാണ്. തക്കാളിക്കവിളുകളില്‍ പതുക്കെപ്പതുക്കെ അരിച്ചുകയറുന്ന വിളര്‍പ്പും ഏറെ നടന്നാല്‍ നീരുവന്നുവീര്‍ക്കുന്ന കാലുകളും തളര്‍ത്തുന്ന ശാരീരിക വേദനകളുമായി ജഗന്തി ധീരയായി കുന്നും മലയും കാടും പാടവും പുഴയും താണ്ടി അരിവാള്‍ രോഗികളെ സംഘടിപ്പിക്കുകയാണ്, അവരുടെ ആരോഗ്യസംരക്ഷണ കാര്യങ്ങളില്‍ ഇടപെടുകയാണ്, ബോധനക്ലാസുകള്‍ സംഘടിപ്പിക്കുകയാണ്, ആരോഗ്യ പ്രവര്‍ത്തകരെ ഉണര്‍ത്തുകയാണ്, ഗവണ്‍മെന്റിന്റെ കണ്ണു തുറപ്പിക്കാനുള്ള നിവേദനങ്ങള്‍ അയപ്പിക്കാന്‍ പ്രാപ്തയാവുകയാണ്! ഇവയ്ക്കിടയില്‍ അവളെ തോല്പിക്കാനൊരുങ്ങുന്നത് രോഗപീഡകള്‍ മാത്രമല്ല, അപവാദ പ്രചാരണങ്ങളും ഭീഷണികളും സ്വകുടുംബാംഗങ്ങളില്‍ നിന്നുതന്നെയുള്ള അവഗണനയും പുച്ഛവും ഒക്കെയാണ്. പൊതു സേവന രംഗത്തേക്കിറങ്ങുന്ന സ്ത്രീക്ക് കൂച്ചുവിലങ്ങൊരുക്കുന്ന സമൂഹമനശ്ശാസ്ത്രം എപ്പോഴും എവിടെയും ഒരുപോലെത്തന്നെ.

''മറ്റുള്ളവര്‍ക്കു വേണ്ടി ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ട കരാറിലാണ് മനുഷ്യര്‍ ജനിക്കുന്നതു തന്നെ. ആ നിയമം തെറ്റിക്കുമ്പോഴാണ് പ്രകൃതി നമ്മെ അസന്തുലിത ഋതുക്കളിലൂടെ ശിക്ഷിക്കുന്നത്. രോഗമെന്നത് പ്രകൃതിയുടെ ഉപദേശം മാത്രമായിരിക്കാം.'' ജഗന്തിയുടെ ചിന്തകളായി നോവലിസ്റ്റ് രേഖപ്പെടുത്തിയ വാക്കുകളാണിവ. പഴശ്ശിപ്പടയോട്ടങ്ങളുടെയും നക്‌സല്‍ വര്‍ഗീസിന്റെയും അജിതയുടെയും ജ്വലിക്കുന്ന ആശയങ്ങളുടെയും ചരിത്രമുറങ്ങുന്ന വയനാട്ടിലെ തിരുനെല്ലിയില്‍ കുരുത്തവള്‍ തന്നെ ജഗന്തിയും. ചരിത്രം നീതിക്കുവേണ്ടി പോരാടിയവര്‍ക്കെല്ലാം തൂക്കുമരണവും അധിക്ഷേപവും കൊടുത്തിട്ടുണ്ട് എന്നവള്‍ക്കറിയാം. അതാണ് ജഗന്തിയെ സേവനരംഗത്തും ചൂഷകര്‍ക്കെതിരായ സമരരംഗത്തും അവസാന ശ്വാസം വരെ പിടിച്ചുനിര്‍ത്തുന്നത്. രോഗവും അവശതയുമറിഞ്ഞിട്ടും അവളെ വേള്‍ക്കാനൊരുങ്ങുന്ന, ബാല്യകാല സഖാവായ ദേവേശന്റെ മടിയില്‍ക്കിടന്ന് അന്ത്യശ്വാസം വലിക്കുകയാണ് പോരാട്ടത്തിനിടെ ജഗന്തി. വിവാഹശേഷം അവളെ വിളിക്കാനായി കരുതിവെച്ച പൂപോലെയുള്ള വാക്കുകള്‍ ദേവേശന് അപ്പോഴേ ഉരുവിടാനാകുന്നുള്ളൂ. ''ജമന്തി..... ജമന്തി.''

കൊല്ലങ്ങളോളം ആദിവാസി ഊരുകളിലും ചെട്ടിമനകളിലും ഗ്രാമങ്ങളിലും അനുതാപപൂര്‍വമായ അന്വേഷണബുദ്ധിയോടെ അലഞ്ഞുനടന്നു തന്നെയാകണം എഴുത്തുകാരന് ആ സംസ്‌കാരങ്ങളേയും ഭാഷയേയും വിശ്വാസങ്ങളെയും ദൈന്യതകളേയും ഈവിധം തനിമയോടെ ഒപ്പിയെടുക്കാനായത്. ചരിത്രവും മിത്തുകളും ആത്മീയതയും കൈകോര്‍ക്കുന്ന വയനാടന്‍ ഭൂപ്രകൃതി ജീവനുള്ള കഥാപാത്രമായി നോവലില്‍ ഉടനീളമുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങളുള്ള ആദിവാസി സമൂഹങ്ങളും കര്‍ണാടകയിലും തമിഴ്‌നാട്ടിലും വേരുകളുള്ള വ്യത്യസ്ത ചെട്ടി സമുദായങ്ങളും അവരുടെ ഭാഷാന്തരങ്ങളും ഒക്കെ സൂക്ഷ്മദൃക്കായ ഒരു ആസ്വാദകനെ സംതൃപ്തനാക്കും വിധം തനിമയാര്‍ന്ന ഭാഷയോടെ ചിത്രീകരിക്കാനാവുന്നുണ്ട് എഴുത്തുകാരന്.

കുടിയേറ്റത്തിന്റെ സാഹസികതയെ, കഠിനതകളെ, പറിച്ചു നടപ്പെട്ടവന്റെ വേദനകളെപ്പറ്റി എഴുതാമായിരുന്നു കുടിയേറ്റകര്‍ഷക കുടുംബാംഗമായ ജോസ് പാഴൂക്കാരന്. കാട്ടാനകളോടും കാട്ടുപന്നികളോടും മലമ്പനിയോടും അടരാടി മലമുകളില്‍ കനകം വിളയിച്ചവന്റെ കഥകള്‍ എമ്പാടും പറയാനുണ്ടാകും അത്തരമൊരാള്‍ക്ക്.

തന്നെയോ, തന്റെ കുടുംബാംഗങ്ങളെയോ ബാധിക്കുന്നതിനപ്പുറമുള്ള രോഗങ്ങളെപ്പറ്റി ആകുലനാകാനും ആ രോഗാവസ്ഥ മനുഷ്യബന്ധങ്ങളിലും സമൂഹത്തിലുമുളവാക്കുന്ന പ്രതിസന്ധികള്‍ക്ക് സര്‍ഗാവിഷ്‌കാരം നല്‍കാനും കഴിയുക എന്നത് ചുരുങ്ങിയ കാര്യമല്ല. വയനാട്ടിലെ സാഹിത്യവാസനയുള്ള ഒരു ഡോക്ടര്‍, അല്ലെങ്കില്‍ മറ്റൊരാരോഗ്യ പ്രവര്‍ത്തകന്‍, എന്തുകൊണ്ടിതുവരെ 'അരിവാള്‍ ജീവിതം' എഴുതിയില്ല എന്ന അത്ഭുതമാണെനിക്ക്. തന്റെ പറമ്പില്‍ കൊത്തുകയും കിളയ്ക്കുകയും വയലില്‍ നിശ്ശബ്ദം പണിയെടുക്കുകയും കാട്ടുതേനും കാട്ടു വിഭവങ്ങളും നിസ്സാരവിലയ്ക്ക് നാട്ടുകാര്‍ക്ക് വിറ്റ് സന്ധ്യയായാല്‍ കള്ള് മോന്തി, ലക്കുകെട്ട് കാടിന്റെ അന്ധകാരങ്ങളിലേക്ക് പിന്‍വാങ്ങുകയും ചെയ്യുന്ന ആദിവാസിയുടെയും കമ്പോള വ്യവസ്ഥകളുടെ കാപട്യമറിയാത്ത ചെട്ടിയുടെയും ആരോഗ്യസമസ്യകളെ സര്‍ഗാത്മകമായി മറനീക്കിക്കാണിക്കാന്‍ ഒരു ജോസ് പാഴൂക്കാരന്‍ തന്നെ വേണ്ടി വന്നുവല്ലോ!

വ്യക്തിപരമായ ദുഃഖങ്ങളിലും സംഘര്‍ഷങ്ങളിലും കാലൂന്നിനിന്ന്, അവയുടെ സാമൂഹികപരമായ മാനത്തിലേക്ക് കണ്ണയയ്ക്കുകയും ധീരയാവുകയും ചെയ്യുന്ന സ്ത്രീ എരിയുന്ന കനല്‍ക്കട്ടയില്‍ നിന്ന് വജ്രമായി പരിണമിക്കുകയാണ്. ജഗന്തിയെന്ന അത്യുജ്ജ്വല നായികയെ കണ്ടെത്തിയ ജോസ് പാഴൂക്കാരന് നന്ദി!

ജോസ് പാഴൂക്കാരന്റെ ഫോൺ:9495532101 ഇ മെയിൽ:pazhukaran@gmail.കോം
പ്രസാധകര്‍ :കൈരളി ബുക്സ് , താളിക്കാവ് റോഡ്‌ , കണ്ണൂര്‍ ഫോണ്‍:04972761200
                    വില : 85 രൂപ .


3 comments:

  1. ജോസ് പാഴൂക്കാരന്റെ കഥ.അഭിപ്രായങ്ങൾ അറിയിക്കുക

    ReplyDelete
  2. മൊബൈൽ മരണം കൊള്ളാം!
    (മസ്തിഷ്കമരണം പോലെയൊരു പ്രയോഗം!)

    ReplyDelete