Monday, June 21, 2010

ലാ സ്ട്രാഡ:അധ:സ്ഥിതരുടെ ശോകഗീതം


രാജപാതകളില്‍ അലയുന്നവര്‍
 ‘ലാ സ്ട്രാഡ‘ (1954)


ആധുനിക സിനിമയെക്കുറിച്ചുള്ള പരിചിന്തനം ഫെല്ലിനിയെക്കൂടാതെ ഒരിക്കലും പൂര്‍ണമാവുന്നില്ല.ആത്മ കഥാപരമായ ചലചിത്ര രചനയാ‍ണ് ഇതര ചലചിത്രകാരന്മാരില്‍ നിന്നും ഫെല്ലിനിയെ മാറ്റി നിര്‍ത്തുന്നത്.
1954 ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ  ‘ലാ സ്ട്രാഡ‘ ഒരു ക്ലാസിക്കിന്റെ ശക്തിസൌന്ദര്യങ്ങള്‍ സമാര്‍ജ്ജിച്ച രചനയാണ്.എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഈ സിനിമയെ പ്രേക്ഷകര്‍ വിലയിരുത്തുന്നു.1956-ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം ഈ ചിത്രം നേടിയിട്ടുണ്ട്.
ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കു തള്ളപ്പെട്ട ഏതാനും നിസ്സാര മനുഷ്യരുടെ കഥയാണ്  ‘ലാ സ്ട്രാഡ‘ പറയുന്നത്. ‘ലാ സ്ട്രാഡ‘ എന്നാല്‍ പാതയെന്നാണര്‍ഥം.പാതയാകട്ടെ നിത്യമായ പ്രയാണത്തെ അര്‍ത്ഥമാക്കുന്നു.
തെരുവുകളിലെ ചെപ്പടി വിദ്യക്കാരനായ സമ്പാനോവും അവന്റെ സഹായിയായി എത്തിച്ചേര്‍ന്ന ഗെല്‍സോമിനയും തമ്മിലുള്ള ബന്ധമാണ് സിനിമയിലെ ഇതിവ്യത്തം.നിയോറിയലിസത്തിന്റെ അയത്നലാളിത്യം സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. 
പാതയില്‍ നിന്ന് വേറിട്ടൊരസ്തിത്വം സമ്പാനോ എന്ന പരുക്കന്‍ മനുഷ്യനില്ല.ഏതോ കാലത്ത് തെരുവിലേക്ക് തള്ളിമാറ്റപ്പെട്ടയാളാണ് സമ്പാനോ.നാമയാളെ ആദ്യമായി കാണുന്നതും പാതയില്‍ വെച്ചുതന്നെ.ഗെല്‍സോമിനയുടെ വീട്ടിനടുക്കലെ പാതയില്‍ അയാളുടെ തെരുവു സര്‍ക്കസ് വാഹനം വന്ന് നിന്നു.അയാള്‍ സഹായിയായി കൂട്ടിക്കൊണ്ടു പോയിരുന്ന പെണ്‍കുട്ടി,ഗെല്‍സോമിനയുടെ സഹോദരി,മരിച്ചുപോയ വിവരം അറിയിക്കാനാണയാള്‍ എത്തിയത്.ആ ദുരന്തത്തില്‍ മനം നൊന്തു കരയുന്നതിനിടയിലും അമ്മയ്ക്കു വ്യഗ്രത ഗെല്‍സോമിനയെ സഹോദരിക്കു പകരമായി പറഞ്ഞയയ്ക്കാനാണ്.അറിഞ്ഞുകൊണ്ട് കുരുതിക്കു കൊടുക്കുകയാണെന്ന് അമ്മക്കറിയാതെയല്ല.പക്ഷെ അതു കൂടാതെ വയ്യ.വയര്‍ നിറയെ ആഹാരം അപ്രാപ്യമായ സ്വപ്നമായിരുന്ന അവര്‍ക്ക് അതേ കഴിയുമായിരുന്നുള്ളു.അങ്ങനെ കരച്ചിലിനിടയിലൂടെ ഗെല്‍സോമിന തെരുവിലേക്കു തള്ളിയിറക്കപ്പെട്ടു.അവള്‍ സമ്പാനോവിന്റെ സര്‍കസ് വണ്ടിക്കുള്ളില്‍ കയറി.ഒരടിമക്കച്ചവടം തന്നെയായിരുന്നു അത്.പരിശീലനത്തിനിടെ സമ്പാനൊ അവളെ അതിക്രൂരമായി പീഡിപ്പിക്കുന്നുണ്ട്.സര്‍ക്കസ് കൂടാരത്തിലെ മ്യഗത്തോടെന്നവണ്ണമല്ലാതെ ഒരു മനുഷ്യജീവിയോടെന്ന പോലെ അവളോട് അയാള്‍ പെരുമാറുന്നില്ല.അവളാകട്ടെ,മനുഷ്യസാധാരണമായൊരു ബന്ധം അയാളുമായി സ്ഥാപിക്കുവാന്‍ ഓരോ നിമിഷവും ശ്രമിക്കുന്നുണ്ട്.എന്നാല്‍ മ്യദുലവികാരങ്ങള്‍ ഒളിനോട്ടം പോലുമിടാത്ത സമ്പാനോവിന്റെ മനസ്സില്‍ അതു ഒരു ചലനവുമുണ്ടാക്കുന്നില്ല.അവരുടെ തെരുവുജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ അയാളെ ജയിലിലാക്കുന്നു;അവളെ ഭ്രാന്തിയുമാക്കുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നാള്‍ സമ്പാനോ അവളുടെ മരണത്തെക്കുറിച്ചറിയുന്നു.അപ്പോള്‍ മാത്രമാണ് ഗെല്‍സോമിനയോട് താന്‍ എത്രമാത്രം ബന്ധപ്പെട്ടിരുന്നു എന്നയാള്‍ മനസ്സിലാക്കുന്നത്.കടല്‍തീരത്തു ചെന്നിരുന്നു കരയുന്ന സമ്പനോയില്‍ മനുഷ്യത്വം നിറഞ്ഞുവരുന്നു .
  പ്രശസ്തനായ ആന്റണി ക്വിന്നാണ് സമ്പാനോവിന്റെ വേഷത്തില്‍ വരുന്നത്.സമ്പാനോവിന്റെ മനുഷ്യത്വരഹിതമായ പരുക്കന്‍ സ്വഭാവത്തിന് ഇതിലേറെ മിഴിവു നല്‍കാന്‍ മറ്റാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.ഫെല്ലിനിയുടെ നടിയായ ഭാര്യ ഗിലിറ്റാ മാസിനയാണ് ഗെല്‍സോമിനയുടെ റോളില്‍.തുറിച്ച കണ്ണുകളുള്ള ഈ അരക്കിറുക്കിയെ അവളുടെ നിഷ്കളങ്കത,പേടി,ബാലിശത്വം,വിഡ്ഡിത്തരം,ദീനത തുടങ്ങിയ ഒട്ടേറെ ഭാവങ്ങളോടെ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ സാമാന്യമായ പ്രതിഭ പോര.അത് എത്രയും ഭംഗിയായി നിര്‍വ്വഹിച്ച മാസിന ഒരു നടിയെന്ന നിലയ്ക്ക് പൂര്‍ണ്ണത നേടിയിരിക്കുന്നു.
അധ:സ്ഥിതരുടെ ശോകഗീതമാണു ‘ലാ സ്ട്രാഡ‘ .ഒപ്പം മനുഷ്യബന്ധങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും.

     ഫെല്ലിനിയെക്കുറിച്ച്


ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും. ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ ആധുനിക സിനിമാപ്രസ്ഥാനത്തില്‍ കടുത്ത സ്വാധീനം ചെലുത്തി. സ്വപ്നവും ഭാവനയും കലര്‍ന്ന ആത്മകഥാംശം നിറഞ്ഞ ആക്ഷേപഹാസ്യപരമായ ചിത്രങ്ങളായിരുന്നു. വെറൈറ്റി ലൈറ്റ്‌സ് (1950) ആണ് ശ്രദ്ധേയമായ ആദ്യചിത്രം. ദ യങ് ആന്റ് ദ പാഷണേറ്റ്, ദ സ്ട്രീറ്റ് (ലാ സ്ട്രഡ), നൈറ്റ്‌സ് ഒഫ് കബീരിയ, ദ സ്വീറ്റ് ലൈഫ്, ജൂലിയറ്റ് ഒഫ് ദ സ്പിരിറ്റ്‌സ്, ഫെല്ലിനി സറ്റയറിക്കൊണ്‍, ദ ക്ലൗണ്‍സ്, റോമാ, കാസനോവ, ഓര്‍കെസ്ട്ര റിഹേഴ്‌സല്‍, സിറ്റി ഒഫ് വിമെന്‍ ആന്റ് ദ ഷിപ് സെയില്‍സ് ഓണ്‍, 8 1/2 എന്നിവ പ്രശസ്ത ചിത്രങ്ങളാണ്. ലാ സ്ട്രഡ എന്ന ചിത്രം 1954-ലും നൈറ്റ്‌സ് ഒഫ് കബീരിയ എന്ന ചിത്രം 1956-ലും അക്കാദമി അവാര്‍ഡ് നേടി. 1993-ല്‍ ചലച്ചിത്രരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് പ്രത്യേക അവാര്‍ഡ് ലഭിച്ചു. 

വിക്കി ലിങ്ക്: ലാ സ്ട്രാഡ
വിക്കി ലിങ്ക്:ഫെല്ലിനി
ടോറന്റ് ലിങ്ക്
പോസ്റ്ററുകള്‍
തിരക്കഥ

2 comments:

  1. എനിക്കേറെ പ്രിയപ്പെട്ട സിനിമയാണിത്

    ReplyDelete
  2. നന്നായി എഴുതിയിരിക്കുന്നു..
    എനിക്കും ഏറേ ഇഷടപ്പെട്ട ഫെല്ലിനിയുടെ ഒരു ചിത്രമാണിത്..
    കൂടാതെ 8.1/2 അമര്‍ക്കോഡ്,സറ്റയറിക്കോണ്‍,റോമ...തുടങ്ങിയവയും.

    ഇതില്‍ സറ്റയറിക്കോണ്‍ ഒരു വിഷ്വല്‍ മാജിക്ക് തന്നെ!
    കണ്ടാലും കണ്ടാലും മതി വരാത്ത ചിത്രം !

    ReplyDelete