Thursday, January 24, 2019

ദി കൺഫോമിസ്റ്(1970)


🦀1930 കളിലെ ഇറ്റലി..ഫാസിസ്റ്റ് യുഗം..

🦀ആളുകൾ ഫാസിസ്റ്റ് ആകുന്നത് അതിന്റെ രാഷ്ട്രീയത്തോടുള്ള അനുകൂലഭാവം , പണവും പദവിയും നേടാൻ , അതുമല്ലെങ്കിൽ ശത്രുക്കളെ ഒതുക്കാൻ എന്നിവയ്ക്കായിരിക്കെ മാർസെല്ലോ ക്ലെറിച്ചി എന്ന യുവാവ് ഫാസിസ്റ്റ് ആകുന്നതിനുള്ള കാരണം ഇതൊന്നുമല്ലായിരുന്നു.

🦀ക്ലെറിച്ചി എന്ത് കൊണ്ട് ഫാസിസ്റ്റ് ആയി എന്ന തേടൽ ആണ് ബർനാഡോ ബെർട്ടലൂചി തന്റെ ദി കൺഫോമിസ്റ്(1970) എന്ന സിനിമയിലൂടെ നടത്തുന്നത്..

🦀സിനിമ തുടങ്ങുന്നത് പാരീസിലെ ഒരു ഹോട്ടൽ മുറിയിൽ തന്റെ ഭാര്യയെ ഉറങ്ങാൻ വിട്ടുകൊണ്ട് ഫാസിസ്റ്റ് രഹസ്യപൊലീസിലെ ഒരംഗം ഓടിക്കുന്ന കാറിൽ കയറി പോകുന്ന ക്ലെറിച്ചിയിൽ ആണ്..

🦀ഇത് ക്ലെറിച്ചിയുടെ ആദ്യ ദൗത്യമാണ്..ഒരു രഹസ്യപൊലീസ് അംഗം എന്ന നിലയിലെ ആദ്യ ഓപ്പറേഷൻ..

🦀ക്ലെറിച്ചിയ്ക്ക് ചെയ്യാനുള്ളത് ഇറ്റലിയിൽ തന്റെ കോളേജ് പ്രൊഫസറും ഒരു കാല മാതൃകയുമായിരുന്ന , ഫാസിസ്റ്റ് വിരുദ്ധനാകയാൽ പാരീസിലേക്ക് പലായനം ചെയ്ത ലൂക്ക കാദ്രി എന്നയാളെ വധിക്കുക എന്നതാണ്...

🦀ആ കാർ യാത്രയിൽ ഫ്‌ളാഷ് ബാക്കുകളിലൂടെ ക്ലെറിച്ചിയുടെ കഥ വിടർന്നു വരുന്നു..

🦀ക്ലെറിച്ചിയുടെ അച്ഛൻ ഒരു മനോരോഗ ആശുപത്രിയിലെ അന്തേവാസിയാണ് , അമ്മയാകട്ടെ മയക്കുമരുന്നിന് അടിമയായി വീട്ടിനുള്ളിൽ തന്നെ കഴിയുന്നവളും..

🦀ക്ലെറിച്ചിയ്ക്ക് സ്‌കൂൾ കാലത്ത് ഒരു ഡ്രൈവറിൽ നിന്ന് ലൈംഗിക അതിക്രമം ഉണ്ടാവുകയും ആ സംഭവത്തിനിടെ തന്നെ ക്ലെറിച്ചി അയാളുടെ തോക്ക് കൈക്കലാക്കി അയാളെ വെടി വെച്ചിടുകയും ചെയ്യുന്നുണ്ട്..

🦀ഈ വൈയക്തിക പ്രശ്നങ്ങൾ എല്ലാം തന്നെ ക്ലെറിച്ചിയിൽ സമൂഹവുമായി അന്യതാ ബോധം ഉണ്ടാക്കുകയും അയാൾ ഉൾ വലിയുകയും ചിരി പോലും മറക്കുകയും ചെയ്യുന്നു..

🦀ഈ ദുരന്തത്തിൽ നിന്ന് രക്ഷ നേടാൻ ക്ലെറിച്ചിയുടെ മുമ്പിലുണ്ടായിരുന്ന ഏക മാർഗം നിലവിലെ സമൂഹത്തോട് /രാഷ്ട്രീയത്തോട്/ഭരണകൂടത്തോട് ഏറ്റവും ഇണങ്ങി ഒരു *സാധാരണ* ജീവിതം സൃഷ്‌ടിക്കുക എന്നതായിരുന്നു..

🦀 അങ്ങിനെ ഒരു സാധാരണക്കാരൻ ആകാനുള്ള ശ്രമത്തിൽ ആണ് അയാൾ രഹസ്യപോലീസിൽ ചേരാൻ ശ്രമിക്കുന്നതും തൻറെ അധ്യാപകനെ തന്നെ വധിക്കാനുള്ള ദൗത്യം അറപ്പൊന്നും കൂടാതെ ഏറ്റെടുക്കുന്നതും.അങ്ങിനെ ഫാസിസ്റ്റാകുന്നു ക്ലെറിച്ചി...

🦀ക്ലെറിച്ചി വിവാഹം കഴിക്കുന്നതും സാധാരണ സ്വപ്നങ്ങളുടെ കൂട്ടുകാരിയായ ഒരു സാധാരണ പെണ്കുട്ടിയെ ആണ്..ഇതും അയാളുടെ ഒരു രക്ഷാമാർഗം ആയി കണക്കാക്കാം..

🦀ക്ലെറിച്ചിയുടെ മനസ്സ് , ചിന്തകൾ , സംഘർഷം , അയാൾ കുടുങ്ങിക്കിടക്കുന്ന കൂടിന് സമാനമായ അവസ്‌ഥ ഒക്കെ ആവിഷ്കരിക്കാൻ ബർട്ടലൂചിക്ക് കൂട്ടായി കിട്ടിയത് വിഖ്യാതനായ ക്യാമറാമാൻ വിറ്റോറിയോ സ്റ്റോറാറോയെ ആണ്..

🦀നിഴൽ , നിറം , വെളിച്ചം , അന്തരീക്ഷം , കെട്ടിടങ്ങൾ , വാഹനങ്ങൾ , വീടുകൾക്കുൾവശം എന്നിവ ഒക്കെ ക്ലെറിച്ചിയുടെ അവസ്ഥയുടെ ചിഹ്നങ്ങൾ ആക്കി ആവിഷ്കരിക്കുവാൻ 70 ലെ ഈ സിനിമ കാണിച്ച പാടവം അക്കാലത്തെ യൂറോപ്യൻ, ഹോളിവുഡ്ഡ് സിനിമകളെ ആഴത്തിൽ സ്വാധീനിച്ചു..കപ്പോള , സ്പീൽബർഗ് തുടങ്ങിയവരെ ഏറെ സ്വാധീനിച്ച സിനിമ ആയിരുന്നു ഇത്..

🦀കഥയിലേക്ക് മടങ്ങാം..വിവാഹിതനാകുന്ന ക്ലെറിച്ചി തന്റെ ഹണിമൂണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത് പാരീസ് ആണ്..അയാളുടെ ഉദ്ദേശ്യം രഹസ്യപൊലീസ് തന്നെ ഏൽപ്പിച്ച ദൗത്യം നടപ്പിലാക്കുക എന്നത് തന്നെയായിരുന്നു..

🦀അയാൾ തൻറെ ഇരയായ പ്രൊഫസർ ലുക്ക കാദ്രിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണുന്നു , ഭാര്യാസമേതനായി..പ്രൊഫസർ വിസ്മയം കൊള്ളുന്നു..

🦀പ്രൊഫസറിന്റെ വീട്ടിലേക്കുള്ള വാതിൽക്കൽ എത്തി നിൽക്കുന്ന ക്ലെറിച്ചി കരുതിയിരുന്നില്ല തന്റെ ജീവിതത്തെ ആഴത്തിൽ മാറ്റുന്ന ഒരാളെ അവിടെ കണ്ടുമുട്ടും എന്ന്.. അയാളെ കണ്ട മാത്രയിൽ ക്ലെറിച്ചി തിരിച്ചറിയുന്നു , തന്റെ സ്വപ്നത്തിലും ഉണർവിലും മായിക രൂപം പോലെ താൻ കണ്ട , തേടിയ *അവൾ* ആണ് തന്റെ മുന്നിൽ നിൽക്കുന്നത് എന്ന്..അത് പ്രൊഫസറിന്റെ യുവതിയായ ഭാര്യ അന്ന ആയിരുന്നു..

🦀ക്ലെറിച്ചി അന്നയിൽ വീണു പോകുന്നു , അവളുടെ മയക്കുന്ന നോട്ടത്തിൽ , ചിരിയിൽ ഒക്കെ..

🦀 ക്ലെറിച്ചിയുടെ ഭാര്യയും അന്നയും തമ്മിൽ പെട്ടെന്ന് ചങ്ങാത്തത്തിൽ ആകുന്നു..ക്ലെറിച്ചി ആകട്ടെ ഭാര്യയെയും തന്നെ പിന്തുടർന്ന് എത്തിയിരിക്കുന്ന സഹരഹസ്യപൊലീസ് അംഗത്തെയും വെട്ടിച്ച് അന്നയെ കാണുന്നു , അവളോട് തന്റെ ഇഷ്‌ടം പറയുന്നു , മറ്റൊരു രാജ്യത്തേക്ക് ഒളിച്ചോടാം എന്ന് പറയുന്നു..പക്ഷെ അന്ന തന്റെ ഭർത്താവിനെ വഞ്ചിക്കാൻ തയ്യാറാകുന്നില്ല , ക്ലെറിച്ചിയെ പ്രണയിക്കുന്നു അവൾ എങ്കിലും..

🦀നഗരത്തിന് കുറെ ദൂരെയുള്ള ഒരു ഗ്രാമപ്രദേശത്തെക്കുള്ള യാത്ര ചെയ്യാൻ ഒരുങ്ങുന്നു പ്രൊഫസർ..ആ യാത്രയിൽ വെച്ച് അയാളെ കൊല്ലാനാണ് ക്ലെരിച്ചിയ്ക്ക് കിട്ടിയിട്ടുള്ള നിർദ്ദേശം..അന്നയോട് പ്രൊഫസറിന്റെ കൂടെ പോകരുത് എന്ന് അയാൾ അപേക്ഷിക്കുന്നു , അന്ന അത് തിരസ്കരിക്കുന്നു..

🦀ക്ലെരിച്ചിയും ഡ്രൈവറായ രഹസ്യപൊലീസ് അംഗവും നടത്തുന്ന , ആദ്യം നാം കാണുന്ന കാർ യാത്ര പ്രൊഫസറെ പിന്തുടർന്ന് കൊല്ലാനുള്ള യാത്രയാണ്..

🦀 ഒറ്റപ്പെട്ട ഒരു സ്ഥലത്ത് വെച്ച് ആക്സിഡന്റിൽ പെട്ട ഒരു കാറിന്റെ അടുത്തേക്ക് നീങ്ങുന്ന പ്രൊഫസറെ കാട്ടിൽ നിന്ന് ഇറങ്ങി ഓടി വരുന്ന രഹസ്യപൊലീസുകാർ തെരുതെരെ കുത്തി കൊല്ലുന്നു.. രക്ഷ തേടി പുറത്തേക്ക് ഓടുന്ന അന്ന ക്ലെരിച്ചി ഇരിക്കുന്ന കാറിനടുത്തേക്ക് വരുന്നു , ക്ലെരിച്ചി കാറിന്റെ ചില്ല് ഉയർത്തി വെക്കുന്നു ,ചില്ലിൽ തട്ടി അന്ന നിലവിളിക്കുന്നു , വികാരഭേദമില്ലാതെ ക്ലെരിച്ചി മുന്നോട്ട് തന്നെ നോക്കി ഇരിക്കുന്നു , അന്ന കാട്ടിലേക്ക് ഓടുന്നു , വെടിയേറ്റ് വീഴുന്നു..

🦀 സിനിമ കട്ട് ചെയ്ത് പോകുന്നത് മുസോളിനിയുടെ പതനത്തിന് ശേഷമുള്ള ഇറ്റലിയിലെ ഒരു *സാധാരണ* വീടിന്റെ ഉള്ളിലേക്കാണ്..ക്ലെരിച്ചിയുടെ വീടാണത്.. അയാൾക്ക് ഒരു കുഞ്ഞു ഉണ്ട്..അയാൾ ഒരു സാധാരണക്കാരൻ ആയിരിക്കുന്നു..

🦀തെരുവിൽ മുസോളിനി വിരുദ്ധ പ്രകടനക്കാർ പോകുന്നു..അതിന്റെ ഓരത്ത് ക്ലെരിച്ചി നിൽക്കുന്നു..തന്റെ പിറകിൽ നിന്ന് ഒരു സംഭാഷണം കേട്ട് നോക്കുന്ന അയാൾ കാണുന്നത് സ്വർവരതിക്കാരായ രണ്ട് പേരെയാണ്..അതിലൊരാൾ ക്ലെരിച്ചി കൊന്നു എന്ന് അയാൾ കരുതിയ ആ ഡ്രൈവർ ആയിരുന്നു...ക്ലെരിച്ചിയുടെ ആദിമമായ കുറ്റബോധത്തിന്റെ കാരണം...

🦀 ക്ലെരിച്ചിയുടെ ജീവിതത്തെ സൂക്ഷ്മവും സമഗ്രവുമായി പിന്തുടരുന്ന ബെർട്ടലുചിയുടെ ക്യാമറ അയാൾ എന്ത് കൊണ്ട് ഫാസിസ്റ്റ് ആയി എന്നത് കാണിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് കാണി അംഗീകരിക്കും എന്ന് ബർട്ടലൂചി കരുതുന്നില്ല..രാഷ്ട്രീയവും ലൈംഗികതയും തമ്മിലുള്ള ബന്ധം സംബന്ധിച്ച ഫ്രോയിഡിയൻ ആശയം ബെർട്ടലൂചിയെ സ്വാധീനിച്ചിട്ടുണ്ട് ക്ലെരിച്ചിയുടെ പാത്ര സൃഷ്‌ടിയിൽ..

🦀ഒരു പൊളിറ്റിക്കൽ ത്രില്ലർ , അതിലെ പ്രധാന കഥാപാത്രത്തിന്റെ ക്യാരക്ടർ സ്റ്റഡിയിലൂടെ അവതരിപ്പിക്കുമ്പോൾ ബെർട്ടലൂചി കഥ നടക്കുന്ന കാലഘട്ടത്തെ പെര്ഫെക്ഷനോടെ ആവിഷ്കരിച്ചിരിക്കുന്നു..കഥാപാത്രത്തിന്റെ സൈക്കോളജിക്കൽ അവസ്ഥയെ ഫാസിസം എന്ന രാഷ്ട്രീയ ആശയത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി ആഴത്തിൽ പഠിക്കുന്ന ഈ സിനിമ ആ തരത്തിൽ ഉള്ള ഏറ്റവും മഹത്തായ കലാസൃഷ്‌ടി തന്നെയാണ്..

ജാഫർ എസ് പുൽപ്പള്ളി