Thursday, January 24, 2019

വേണം നമുക്ക് നല്ല നഗരങ്ങള്‍

വേണം നമുക്ക് നല്ല നഗരങ്ങള്‍
ജാഫര്‍ എസ് പുല്‍‌പ്പള്ളി
 ********
         സ്വാതന്ത്യാനന്തര ഇന്ത്യയില്‍ വ്യാവസായിക വിപ്ലവവും
സ്വകാര്യമേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് നഗരവത്കരണത്തിന് ആക്കം
കൂട്ടിയ പ്രധാനഘടകം. നഗരങ്ങളുടെ വളര്‍ച്ച ഇന്ത്യയില്‍ വളരെ
വേഗതയിലായിരുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍
കാര്‍ഷികമേഖലയുടെ പങ്ക്  ക്രമേണ കുറഞ്ഞ് വരുകയും ആ സ്ഥാനം വ്യാവസായിക
മേഖല ഏറ്റെടുക്കുകയും ചെയ്തു.1901 ലെ സെന്‍സസ് അനുസരിച്ച് നഗരജനസംഖ്യ
ആകെയുള്ളതിന്റെ 11.4 ശതമാനം ആയിരുന്നെങ്കില്‍ 2001 ല്‍ ഇത് 28.53 ശതമാനം
ആയും 2011 ല്‍ 30 ശതമാനവും ആയും മാറി. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ
വളര്‍ച്ചാ നിരക്ക് 2.07 ശതമാനമാണ്. നിലവില്‍ 300 ദശലക്ഷം ഇന്ത്യാക്കാര്‍
നഗരജീവികളാണ്. ഐക്യരാഷ്ട്രസഭയുടെ 2007 ലെ ‘സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്
പോപ്പുലേഷന്‍ റിപ്പോര്‍ട്ട്’ പ്രകാരം 2030 ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ
40.76 ശതമാനം ആളുകള്‍ നഗരങ്ങളിലായിരിക്കും വാസം ഉറപ്പിക്കുക.
ആയിരങ്ങളെ ആകര്‍ഷിക്കുന്ന നഗരം
   ഇന്ത്യയില്‍ നഗരത്തിന്റെ വലി കൊണ്ടല്ല, മറിച്ച് ഗ്രാമത്തിന്റെ തള്ളല്‍
കൊണ്ടാണ് പ്രധാനമായും നഗരവത്കരണം നടന്നത്. എന്നാല്‍ തൊഴില്‍ തേടി
ഗ്രാമങ്ങളില്‍ നിന്ന് വരുന്ന ജനലക്ഷങ്ങളെ ഒരിക്കല്‍ വാസമുറപ്പിച്ചാല്‍
പിന്നൊരിക്കലും വിട്ടുപിരിയാന്‍ വിടാതെ നഗരം ആകര്‍ഷിച്ചു നിര്‍ത്തുന്നു.
ദളിതര്‍ക്കും സ്ത്രീകള്‍ക്കും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും നഗരം
പലപ്പോഴും  ഗ്രാമം നല്‍കുന്നതിനേക്കാള്‍ നല്ല ജീവിതം നല്‍കുന്നു.
നൂറ്റാണ്ടുകളായി നിശ്ചലാവസ്ഥയില്‍ നിലകൊള്ളുന്ന
ഗ്രാമസാമൂഹ്യവ്യവസ്ഥിതിയില്‍ വിദ്യാഭ്യാസം,ആരോഗ്യം എന്നീ മേഖലകള്‍
ഇപ്പോഴും ശോചനീയമാണെന്നതും ഒട്ടും പ്രൊഡക്ടീവ് അല്ലാത്ത തൊഴില്‍ രംഗവും
നഗരത്തില്‍ തന്നെ വാസമുറപ്പിക്കാന്‍ പ്രേരണ നല്‍കുന്ന ഘടകങ്ങളില്‍
പ്രധാനപ്പെട്ടതാണ്.  ക്യഷിഭൂമി വിറ്റ് നഗരത്തില്‍ താമസമാക്കുന്ന
ഗ്രാമീണന്റെ ജീവിതം കുറച്ചെങ്കിലും മെച്ചപ്പെടുകയാണ് ചെയ്യുന്നത്
എന്നതാണ് വസ്തുത. ഫാക്ടറിയിലോ മറ്റോ ജോലി നേടുന്ന അവന്റെ വരുമാനവും
ക്രയശേഷിയും  വര്‍ദ്ധിക്കുന്നു . പുറകെ ജീവിതനിലവാരവും ഉയരുന്നു, തന്റെ
ഗ്രാമത്തിന് ഒരിക്കലും നല്‍കാന്‍ കഴിയാത്തവണ്ണം.

വളര്‍ന്നു വരുന്ന വന്‍നഗരങ്ങള്‍
           വ്യാവസായിക വിപ്ലവത്തിന്റെ പുത്തന്‍ ലോകത്തിലേക്ക് കാലെടുത്ത്
വെച്ച ഇന്ത്യയില്‍ നാല്പതുകളില്‍ വളര്‍ച്ച പ്രാപിച്ച മെട്രോ നഗരങ്ങള്‍
മുംബൈ,കൊല്‍ക്കൊത്ത,ഡല്‍ഹി,ചെന്
നൈ,ബാംഗളൂര്‍,ഹൈദരാബാദ് എന്നിവയായിരുന്നു.
വ്യാവസായിക യുഗത്തിന്റെ സംഭാവനകളായ പുതിയ ജീവിതസൌകര്യങ്ങള്‍ ഈ
നഗരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തി. ആദ്യകാല ഇന്ത്യ വിഭാവനം ചെയ്ത
മിശ്രസമ്പദ്ഘടനയുടെ സാന്നിദ്ധ്യം മൂലം സ്വകാര്യമേഖലയ്ക്കൊപ്പം
പൊതുഗതാഗതം, ജലവിതരണം, വൈദ്യുതി, ഭവനനിര്‍മ്മാണം എന്നീ രംഗങ്ങളില്‍
പൊതുമേഖലയും വളര്‍ച്ച പ്രാപിച്ചു. വിഭജനത്തെത്തുടര്‍ന്ന് പാകിസ്ഥാനില്‍
നിന്ന് കുടിയേറുന്ന ആളുകളെയും ഉള്‍ക്കൊള്ളേണ്ടിയിരുന്നു ഈ നഗരങ്ങള്‍ക്ക്.
ഇന്ത്യയിലെ നഗരവത്കരണം വികസിതരാജ്യങ്ങളിലേതില്‍ നിന്ന് ഒട്ടേറെ
വ്യത്യാസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പൂര്‍ണമായ തോതിലുള്ള
വ്യവസായവത്കരണത്തിന്റെയും ഉറച്ച സാമ്പത്തിക അടിത്തറയുടെയും അഭാവം,
ജനസംഖ്യാവിസ്ഫോടനത്തിന്റെയും ദാരിദ്യം മൂലം ഗ്രാമത്തില്‍ നിന്നുള്ള
കുടിയേറ്റത്തിന്റെയും ഫലമായ ജനസംഖ്യാവര്‍ദ്ധന, പെട്ടെന്നുള്ള
നഗരവത്കരണത്തിന്റെ സ്യഷ്ടിയായ ചേരികള്‍, ഇവയൊക്കെ മൂലമുള്ള നഗരജീവിത
നിലവാരത്തിന്റെ തകര്‍ച്ച എന്നിവ ഉള്‍ക്കൊള്ളുന്നു പ്രധാനമായും ഈ
വ്യത്യാസങ്ങള്‍.
         തൊണ്ണൂറുകള്‍ മുതല്‍ സാമ്പത്തികനയങ്ങളിലുണ്ടായ കാതലായ
മാറ്റങ്ങള്‍ പിന്നെയും കുറേ കൂടി വന്‍നഗരങ്ങള്‍ക്ക് ജന്മം
നല്‍കിയിരിക്കുന്നു, ഇന്ത്യയില്‍. 77 ലക്ഷം ജനസംഖ്യയുള്ള ഹൈദരാബാദ്
മുതല്‍ 1.84 കോടി ജനസംഖ്യയുള്ള മുംബൈ വരെയുള്ള ആദ്യകാല 6
വന്‍നഗരങ്ങള്‍ക്ക് പുറമെ 19 ലക്ഷം ആളുകളെ ഉള്‍ക്കൊള്ളുന്ന ഭോപ്പാല്‍
മുതല്‍ 62 ലക്ഷം എത്തിനില്‍ക്കുന്ന അഹമ്മദാബാദ് വരെയുള്ള 14
വന്‍നഗരങ്ങളാണ്  വളര്‍ച്ച പ്രാപിച്ച് വരുന്നത്. കൂടാതെ ഒട്ടേറെ
പട്ടണങ്ങള്‍ നഗരങ്ങളായി മാറാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുകയും
ചെയ്യുന്നു . അഹമ്മദാബാദില്‍ തുടങ്ങി മുംബൈ കടന്ന് തിരുവനന്തപുരം വരെ
നീണ്ടു കിടക്കുന്ന  രാജ്യത്തിന്റെ പശ്ചിമതീരം മുഴുവന്‍ തന്നെ ഒരു
വന്‍നഗരമായി  വളര്‍ന്നു വരികയാണ്. വരുന്ന 2 ദശകത്തിനുള്ളില്‍
ന്യൂയോര്‍ക്കിനേക്കാള്‍ വലിയതായ 6 മഹാനഗരങ്ങള്‍ ഉണ്ടാകും ഇന്ത്യയില്‍
എന്ന് പ്രവചിക്കപ്പെടുന്നു.
           ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഹ്യൂമന്‍
സെറ്റില്‍മെന്റിന്റെ പഠനം അനുസരിച്ച് ആകെ ഇന്ത്യന്‍ ജനസംഖ്യയുടെ 16
ശതമാനം ജീവിക്കുന്ന 100 വലിയ നഗരങ്ങള്‍ എല്ലാം കൂടി നല്‍കുന്നത് ദേശീയ
വരുമാനത്തിന്റെ 43 ശതമാനം ആണ്. നഗരങ്ങളിലെ ചേരിനിവാസികള്‍ പോലും കൂടുതല്‍
പ്രൊഡക്ടീവ് ആയ നിര്‍മ്മാതാക്കളും കച്ചവടക്കാരുമാണ്.
        എന്നാല്‍ ഈ നഗവത്കരണം ഒരിക്കലും ശരിയായ വിധം ആസൂത്രണം
ചെയ്തതായിരുന്നില്ല, ആരംഭകാലം മുതല്‍ക്കു തന്നെ. വന്‍ നഗരങ്ങള്‍ അവയ്ക്ക്
ഒരിക്കലും താങ്ങാന്‍ കഴിയാത്തത്ര വലിയ ജനസംഖ്യയെ കുറഞ്ഞ കാലം കൊണ്ട്
ഉള്‍ക്കൊള്ളേണ്ടി വന്നു. ഇതു മൂലം ജനങ്ങള്‍ക്ക് അടിസ്ഥാന ജീവിത
സൌകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെയും പോകുന്നു. ഇതു മൂലം ഇന്ത്യയിലെ
നഗരവത്കരണത്തെ ‘സ്യൂഡോ അര്‍ബനൈസേഷന്‍’ എന്ന് വിശേഷിപ്പിക്കാറുണ്ട്.




ആസൂത്രണം തൊട്ടുതീണ്ടാത്ത നഗരികള്‍
           രാഷ്ട്രത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും പ്രദാനം ചെയ്യുന്ന
നഗരങ്ങള്‍ക്ക് രാഷ്ട്രം എന്ത് തിരികെ നല്‍കുന്നു എന്ന അന്വേഷണം നമ്മെ
കൊണ്ടെത്തിക്കുക വളരെ ശോചനീയമായ ഒരു അവസ്ഥയിലേക്കാണ്. ആകെ ജനസംഖ്യയുടെ
മുപ്പത് ശതമാനത്തിലധികം വരുന്ന ആളുകളെ ഉള്‍ക്കൊള്ളുന്ന നഗരങ്ങളുടെ
വികസനത്തില്‍ സര്‍ക്കാര്‍ നല്‍കിയ ‘ശ്രദ്ധ’യ്ക്ക് ഉദാഹരണം ഇന്നത്തെ
അവയുടെ അവസ്ഥ തന്നെയാണ്. ‘ഭവനനിര്‍മ്മാണം‘ എന്ന പരാജിതമേഖലയെ എടുത്തു
കാട്ടും എല്ലാ നഗരങ്ങളുടെയും പാര്‍ശ്വങ്ങളില്‍ പരന്നു കിടക്കുന്ന
ചേരികള്‍. ജലവിതരണം,ഗതാഗതം,വൈദ്യുതി തുടങ്ങിയ മേഖലകളില്‍ ശോചനീയമായ അവസ്ഥ
തന്നെയാണ് തങ്ങള്‍ക്കാകാവുന്നതിലുമധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ഈ
നഗരങ്ങള്‍ കാഴ്ച വെയ്ക്കുന്നത്. വളരുന്ന ഇന്ത്യയുടെ മുഖമായി
ഭരണാധികാരികള്‍ പലപ്പോഴും എടുത്തു കാട്ടുന്ന ഈ നഗര ഇന്ത്യ മെഴുകുതിരി
വെളിച്ചത്തില്‍ പഠിക്കുന്ന കുട്ടിയുടെയും ഒറ്റമഴയ്ക്ക് മുങ്ങിപ്പോകുന്ന
റോഡുകളുടെയും ഒരിക്കലും എത്തിച്ചേരാത്ത ബസ്സ് കാത്തു
നില്‍ക്കുന്നവന്റെയും രാഷ്ട്രം കൂടിയാണ്. ഇന്ത്യയുടെ സാമ്പത്തിക
തലസ്ഥാനമായ മുബൈയില്‍ മഴ പെയ്താലുള്ള അവസ്ഥ ഓരോ ഇന്ത്യന്‍ നഗരത്തിന്റെയും
പരിഛേദത്തെ കാഴ്ച വെയ്ക്കുന്നു.

പ്രതിസന്ധികള്‍ ഒട്ടേറെ
           രാജ്യത്തിന്റെ ‘തലസ്ഥാന‘ങ്ങളായ ഈ നഗരങ്ങളില്‍ നല്ല ജീവിതവും
മികച്ച സൌകര്യങ്ങളും നന്‍കാല്‍ കഴിയാത്ത പ്രതിസന്ധി തന്നെയാണ്
ഇന്ത്യയിലെ നഗരവികസനം നേരിടുന്ന ഏറ്റവും കാതലായ പ്രശ്നം. ഒരു വശത്ത് വലിയ
അംബരചുംബികള്‍ നിരന്തരം ഉയരുന്നു, മറുവശത്ത് എല്ലായ്പ്പോഴും ഇടുങ്ങിയ
റോഡുകള്‍, നിറഞ്ഞ് കവിയുന്ന അഴുക്കുചാലുകള്‍, സര്‍വവ്യാപിയായ ട്രാഫിക്
ജാം. ഈ നഗരങ്ങളുടെ യഥാര്‍ഥ ഭരണാധികാരികള്‍ റിയല്‍ എസ്റ്റേറ്റ് /
ബില്‍ഡര്‍ മാഫിയയും അവരുടെ സഹായത്താല്‍ തഴച്ചു വളരുന്ന മത,ജാതി
രാഷ്ട്രീയവും അധോലോകവുമാണ്. താറുമാറായ ക്രമസമാധാന വ്യവസ്ഥയാണെങ്കില്‍
പൌരന് സുരക്ഷ  നല്‍കാന്‍ പര്യാപ്തമല്ലാതെ പരാജയപ്പെടുകയും ചെയ്യുന്നു.
വളര്‍ന്നു വരുന്ന ദാരിദ്യം സാമൂഹ്യ സംഘര്‍ഷങ്ങള്‍ ത്വരിതപ്പെടുത്തുകയും
കുറ്റക്യത്യങ്ങള്‍,മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക്
വളമാകുകയും ചെയ്യുന്നു, നഗരങ്ങളില്‍.

ദാരിദ്യത്തിന്റെ കൈമാറ്റം
        മുംബൈ,ചെന്നൈ,കൊല്‍ക്കത്ത തുടങ്ങിയ  മെട്രോ നഗരങ്ങള്‍
തങ്ങള്‍ക്ക് നല്‍കാനാവുന്ന തൊഴിലിന്റെ പരിധിയിലെത്തിയതായി 1997 ലെ ഒരു
പഠനം വിലയിരുത്തുന്നു. ദാരിദ്യം, തൊഴിലില്ലായ്മ, ഭവനരാഹിത്യം,
അടിസ്ഥാനമേഖലയിലെ പ്രതിസന്ധി എന്നിവ അവയെ ഗ്രസിച്ചു കഴിഞ്ഞു. തുടര്‍ന്നും
നടക്കുന്ന ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഈ മഹാനഗരങ്ങളെ കൂടുതല്‍
ഗുരുതരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഗ്രാമങ്ങളില്‍ നിന്നുള്ള
നിരക്ഷരരായ പാവങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ആധുനിക സാങ്കേതിക വിദ്യയെ
ആശ്രയിച്ച് ഉത്പാദനം നടത്തുന്ന നഗരത്തിനാവാതെ വരുന്നു.  അങ്ങനെ
ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള ദാരിദ്യത്തിന്റെ കൈമാറ്റം ആണ്
യഥാര്‍ഥത്തില്‍ ഈ കുടിയേറ്റം നല്‍കുന്നത് എന്ന് വരുന്നു. ദേശീയ ഗ്രാമീണ
തൊഴിലുറപ്പു പദ്ധതി ഗ്രാമജീവിതത്തില്‍ വരുത്തിയ മാറ്റത്തിനു സമാനമായ
ഒന്ന് നഗരപ്രദേശങ്ങളിലേക്കും ഗവണ്മെന്റ് ആവിഷ്കരിച്ചെങ്കിലും അതിനു
ഉദ്ദേശിച്ച ഫലം സിദ്ധിച്ചിട്ടില്ല. അവിടെ ‘തൊഴിലുറപ്പ്’ വാഗ്ദാനം
ചെയ്യാന്‍ പോലും ഭരണത്തിനാവുന്നില്ല.
           ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍
മെന്റിന്റെ അഭിപ്രായത്തില്‍  2031 ഓടെ ഇന്ത്യയ്ക്ക് അതിന്റെ നഗരങ്ങളുടെ
മാനേജ്മെന്റിന് ആവശ്യമായ ഒരു ലക്ഷത്തിലധികം  ടൌണ  പ്ലാനര്‍മാര്‍,
എഞ്ചിനീയര്‍മാര്‍ എന്നിവരുടെ കുറവ് ഉണ്ടാകും. മുംബൈ എന്ന മഹാനഗരത്തിന്റെ
മുഴുവന്‍ നഗരവികസനത്തിന് ഇപ്പോള്‍ മേല്‍നോട്ടം നല്‍കാന്‍ ഒറ്റ ഒരു ടൌണ
പ്ലാനര്‍ മാത്രമേ ഉള്ളൂ എന്ന വിചിത്രമായ വസ്തുത മാത്രം മതി ഈ വിഷയത്തില്‍
ഭരണാധികാരികള്‍ പുലര്‍ത്തുന്ന ഉദാസീനത വ്യക്തമാകാന്‍.
              ചുരുക്കത്തില്‍ നഗരവികസനം എന്ന വിഷയത്തില്‍ ഇന്ത്യ
നേരിടുന്നത് വലിയ ഒരു ഘടനാപരമായ പ്രശ്നം തന്നെയാണെന്ന് ഈ രംഗത്തെ
വിദഗ്ധര്‍ കരുതുന്നു. രാഷ്ട്രത്തിന്റെ ജി.ഡി.പി യുടെ 80 ശതമാനം പ്രദാനം
ചെയ്യുന്ന നഗരസമ്പദ് വ്യവസ്ഥ എന്ന സുപ്രധാന ഘടകം അതിന്റെ പ്രജകള്‍ക്ക്
നല്‍ കുന്നത് പ്രതിസന്ധികള്‍ തന്നെയാണ്. സാമ്പത്തിക വളര്‍ച്ചയുടെ
അച്ചുതണ്ട് ഈ നഗരങ്ങളായിരിക്കെ തന്നെ ഇവ ഉള്‍ക്കൊള്ളുന്ന
ആന്തരികപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് രാഷ്ട്രത്തിന്റെ
മുന്‍പില്‍ വലിയ വെല്ലുവിളി സ്യഷ്ടിക്കുകയും ചെയ്യുന്നു. നാല്‍ ‌പ്പത്
ശതമാനം ആളുകളും ചേരികളില്‍  ആണ് കഴിയുന്നത് എന്നത് തന്നെ ഈ നഗരങ്ങള്‍
പേറുന്ന പ്രതിസന്ധികളുടെ സൂചന ആകുന്നു. പാര്‍പ്പിടം, പൊതുജനാരോഗ്യം,
സാനിറ്റേഷന്‍ ,ശുദ്ധജലലഭ്യത,അന്തരീക്ഷ മലിനീകരണം,
മാലിന്യസംസ്കരണം,ഗതാഗതം,ക്രമസമാധാനം എന്നീ മേഖലകളിലെല്ലാമാണ് വലിയ
അസമത്വങ്ങളും പ്രശ്നങ്ങളും വളര്‍ന്നു നില്‍ക്കുന്നതെന്ന് ഈ വിഷയത്തില്‍
നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു.

നഗരം എങ്ങനെ നന്നാകും?
      ഇന്ത്യന്‍ നഗരങ്ങളിലെ പ്രതിസന്ധി അത്ര എളുപ്പമൊന്നും
പരിഹരിക്കാനാവുമെന്ന്
പ്രതീക്ഷിക്കപ്പെടുന്നില്ല.ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിംഗ്
ഇതിനാവശ്യമുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. ഇപ്പോള്‍ തന്നെ
വീര്‍പ്പുമുട്ടുന്ന വലിയ നഗരങ്ങളിലേക്കുള്ള കുടിയേറ്റം അവയ്ക്ക്
ചുറ്റുമുള്ള ചെറുപട്ടണങ്ങളിലേക്ക് തിരിച്ച് വിടുകയും ചെറു പട്ടണങ്ങളുടെ
വികാസത്തിനാവശ്യമായവ ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യുകയും വേണം.
ആസൂത്രണം എന്നതിനു പരമപ്രാധാന്യം നല്‍കി വേണം ഭാവിയിലുള്ള നഗരവത്കരണം
നടത്തേണ്ടത്. നിലവിലുള്ള വന്‍ നഗരങ്ങളുടെ സാമ്പത്തിക അടിത്തറ കൂടുതല്‍
ശക്തമാക്കേണ്ടതുണ്ട്. നഗര-ഗ്രാമ സമ്പത് വ്യവസ്ഥകളുടെ കൂട്ടിച്ചേര്‍ക്കല്‍
ആണ് മറ്റൊരു പ്രധാനമേഖല. കാര്‍ഷികമേഖലയെ ആശ്രയിച്ചുള്ള വ്യവസായത്തിന്റെ
വളര്‍ച്ചയ്ക്കാവശ്യ്മായത് ചെയ്യുകയും നഗരത്തിനാവശ്യ്മായ അസംസ്ക്യത
വസ്തുക്കള്‍ ഗ്രാമം ഉത്പാദിപ്പിച്ചു നല്‍ കുന്നത് കൂടുതല്‍
ശക്തിപ്പെടുമ്പോള്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റം ഗണ്യമായി കുറയുകയും
ചെയ്യും. ഇതിനെല്ലാമുപരി നഗരങ്ങളിലെ ചേരികളിലടിഞ്ഞിരിക്കുന്ന
പാവപ്പെട്ടവരെ മാനുഷിക മുഖത്തോടെ പുനരധിവസിപ്പിക്കുകയും ചെയ്താല്‍
മാത്രമേ നഗരം എന്നത് ജീവിതയോഗ്യമാവുകയുള്ളൂ.

No comments:

Post a Comment