Thursday, January 24, 2019

മാനസികാരോഗ്യം : ചികിത്സയ്ക്കും രോഗാതുരത

മാനസികാരോഗ്യം : ചികിത്സയ്ക്കും രോഗാതുരത
ജാഫര്‍ എസ് പുല്‍പ്പള്ളി
--------------------------

യാതനയെ അറിയാതെ ഭ്രാന്തിനെ മനസ്സിലാക്കാന്‍ കഴിയില്ല - ആര്‍.ഡി.ലൈങ്
---------------------
മാനസിക രോഗചികിത്സയെക്കുറിച്ച് ഒലെഗ് പി.ഷെപ്പിന്‍ പറഞ്ഞ വാചകങ്ങള്‍
പ്രശ്നത്തിന്റെ കുറിക്കു തന്നെ കൊള്ളുന്നുണ്ട് : "ഒരു സൈക്യാട്രിക്
കേസിന്റെ ഏറ്റവും പ്രധാന ലക്ഷണം താന്‍ ഒരു സൈക്യാട്രിക് കേസ് ആണെന്ന
കാര്യം  രോഗി അറിയുന്നില്ല എന്നതാണ്‌. "

          വികസിത രാഷ്ട്രങ്ങളില്‍ പോലും മാനസികരോഗങ്ങളെക്കുറിച്ചുള്ള
സാമൂഹികമായ അപമാനബോധം ഇന്നും നിലനില്‍ക്കുന്നു  എന്നത് ഈ രംഗത്ത് ഇന്നും
നിലനില്‍ക്കുന്ന  വലിയ  പ്രശ്നത്തിന്റെ സൂചനയാണ്‌.  മാനസികരോഗം ഒരിക്കലും
മാറില്ല എന്ന സങ്കല്പം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നത്
മനോരോഗചികിത്സയില്‍  വലിയ കുഴപ്പം സ്യഷ്ടിക്കുന്നു.‌ തന്റെ രോഗം അപരനോട്
പങ്കു വെക്കാന്‍ പോയിട്ട് താന്‍ രോഗിയാണെന്ന കാര്യം സ്വയം അംഗീകരിക്കാന്‍
പോലും അപമാനബോധം ഒരാളെ അനുവദിക്കുന്നില്ല. രോഗികളോടുള്ള സമൂഹത്തിന്റെ
അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും മനോഭാവം രോഗിയെ തന്നിലേക്കു തന്നെ
ഒതുങ്ങാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നു. പിന്നോക്ക രാജ്യങ്ങളിലെ
മാത്രമല്ല,മറിച്ച് ഇക്കാര്യങ്ങളെക്കുറിച്ച് മികച്ച അവബോധം ഉണ്ടെന്ന്
കരുതപ്പെടുന്ന രാജ്യങ്ങളില്‍ പോലും അവസ്ഥ വ്യത്യസ്തമല്ലെന്ന് പഠനങ്ങള്‍
തെളിയിക്കുന്നു. മാനസികരോഗികളെ അപകടകാരികളും അക്രമികളും ആയി
ചിത്രീകരിച്ച് അകറ്റി നിര്‍ത്തുന്ന മനോഭാവത്തിനു സിനിമ അടക്കമുള്ള
ദ്യശ്യമാധ്യമങ്ങള്‍ക്കുള്ള പങ്കും അവഗണിക്കാനാവില്ല.1999 ല്‍
അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ പങ്കെടുത്ത 12.8 % ആളുകളും
കരുതുന്നത് 'സ്കിസോഫ്രേനിയ' രോഗികള്‍ അപകടകാരികള്‍ ആണെന്നാണ്‌. 74 %
പേരും കരുതുന്നു ആ രോഗബാധിതര്‍ ഒന്നിനും പ്രാപ്തരല്ലെന്ന്.


മാനസികാരോഗ്യം എന്താണ്‌?

സ്വന്തം കഴിവുകള്‍ തിരിച്ചറിയുവാനും, ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ
ധൈര്യത്തോടെ നേരിടുവാനും, അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം
നയിക്കുവാനും അതു വഴി  സമൂഹത്തിനു എന്തെങ്കിലും സംഭാവന ചെയ്യാനുമുള്ള
കഴിവ് എന്നാണ്‌ 'മാനസികാരോഗ്യ'ത്തെ  ലോകാരോഗ്യ സംഘടന നിര്‍വചിക്കുന്നത്.
അത് ഒരു മാനസിക ക്രമക്കേടും ഇല്ലാത്ത ഒരു അവസ്ഥയുമാണ്‌.

മാനസികാരോഗ്യം എന്ന സങ്കല്പത്തിന്റെ വളര്‍ച്ച

പ്രാചീന സമൂഹങ്ങള്‍ പലതും മാനസിക രോഗങ്ങളെ കണ്ടിരുന്നത് ഒരേ സമയം ദൈവികം,
പൈശാചികം,മാന്ത്രികം എന്നിങ്ങനെ വിവിധ തലങ്ങളിലായിരുന്നു. ഭ്രാന്ത്
എന്നത് ദൈവകോപമോ ദൈവപ്രസാദമോ ആയി സന്ദര്‍ഭാനുസ്യതം
വ്യാഖ്യാനിക്കപ്പെട്ടു. മധ്യകാലയൂറോപ്പില്‍ മാനസികരോഗികളെ സമൂഹം
മനുഷ്യജീവികളായിപ്പോലും ഗണിച്ചിരുന്നില്ല . പലപ്പോഴും ദുര്‍മന്ത്രവാദി
വേട്ടയില്‍ പിടിക്കപ്പെട്ട് ക്രൂരമായി വധിക്കപ്പെട്ടു, മനോരോഗികള്‍.
എല്ലായ്പ്പോഴും അവര്‍ ചങ്ങലയ്ക്കിടപ്പെടുകയും ഇരുട്ടറയില്‍
അടയ്ക്കപ്പെടുകയും ചെയ്തു. ആധുനികകാലത്ത് മാനസികരോഗങ്ങളെയും രോഗികളെയും
സൂചിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന  പല വാക്കുകളും ആ
കാലഘട്ടങ്ങളിലേതാണ്‌ എന്നത് സമൂഹം മനോരോഗം എന്ന അവസ്ഥയെ കാണുന്ന
രീതിയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല എന്നതിന്റെ ചൂണ്ടുപലകയാണ്‌.

          മനോരോഗങ്ങളെക്കുറിച്ചുള്ള ഗൗരവപഠനങ്ങളും  അവര്‍ മറ്റേതൊരു
വ്യക്തികളെയും പോലെ ഒരു രോഗത്തിനു വിധേയരാണ്‌ എന്ന ചിന്താഗതിയും
വളര്‍ന്ന് തുടങ്ങുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്‌.  അത് തികച്ചും ഒരു
ജൈവിക/ഭൗതിക പ്രശ്നം തന്നെയെന്നും അതിനു  ആത്മാവുമായോ
ധാര്‍മ്മികബാധ്യതകളുമായൊ  യാതൊരു ബന്ധവും ഇല്ലെന്നും മനസ്സിലാക്കാന്‍
തുടങ്ങി.  പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഒരു ധാര്‍മ്മിക
ചികിത്സാ പ്രസ്ഥാനം യൂറോപ്പില്‍ രൂപപ്പെട്ടു തുടങ്ങിയതോടെ മനോരോഗം എന്നത്
ചികിത്സ നല്‍കേണ്ട ഒരു അവസ്ഥയാണെന്ന അവബോധം സമൂഹത്തില്‍ വളര്‍ന്നു വന്നു.

      പത്തൊമ്പതാം നൂറ്റാണ്ടില്‍ വ്യവസായവത്കരണവും ജനസംഖ്യാവര്‍ദ്ധനവും
അതിന്റെ പൂര്‍ണരൂപത്തില്‍ വികസിച്ചതോടെ  പടിഞ്ഞാറന്‍ യൂറോപ്പിലെമ്പാടും
ഭ്രാന്താലയങ്ങള്‍ വ്യാപകമായി സ്ഥാപിക്കപ്പെടാന്‍ തുടങ്ങി. മനോരോഗങ്ങളെ
വര്‍ഗ്ഗീകരിക്കാനും വിവിധ ചികിത്സാപദ്ധതികള്‍ ആവിഷ്കരിക്കാനും
തുടങ്ങി.'സൈക്യാട്രി' എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടതും ആ
കാലഘട്ടത്തിലാണ്‌.

ഏതൊക്കെയാണ്‌ മനോരോഗങ്ങള്‍,രോഗാതുരതകള്‍‍?

ആഗോള രോഗഭാര(ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ്) ത്തിന്റെ 13 % പങ്കും സംഭാവന
ചെയ്യുന്നു മനോരോഗങ്ങള്‍. ഇവയില്‍  സ്കിസോഫ്രേനിയ , വിഷാദരോഗം, അപസ്മാരം,
സ്മ്യതിനാശം, ആല്‍ക്കഹോളിസം തുടങ്ങിയവ പ്രധാന പങ്കു വഹിക്കുന്നു.
'എം.എന്‍.എസ്' (മെന്റല്‍,ന്യൂറോളജിക്കല്‍,സബ്സ്
റ്റന്‍സ് യൂസ്) എന്ന്
ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ മാനസിക ക്രമക്കേടുകള്‍ ഹ്യദ്രോഗവും
ക്യാന്‍സറും ഒന്നിച്ച് ഉണ്ടാക്കുന്നതിനേക്കാള്‍ രോഗാതുരത സ്യഷ്ടിക്കുന്നു
എന്ന് പഠനങ്ങള്‍ പറയുന്നു. രോഗികളുടെ  എണ്ണത്തിന്റെ കാര്യത്തിലും
മുന്‍പന്‍ എം.എന്‍.എസ് തന്നെ.ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസിന്റെ
പട്ടികയില്‍ പട്ടികയില്‍  വിഷാദരോഗം ഒറ്റയ്ക്ക് മൂന്നാം സ്ഥാനത്തുണ്ട്  .
5 % സംഭാവന നല്‍കുന്ന 'ആല്‍ക്കഹോളിസ'വും പ്രധാന വില്ലന്‍ തന്നെ.പ്രസിദ്ധ
ശാസ്ത്രപ്രസിദ്ധീകരണമായ 'നേച്ചറി'ന്റെ പഠനം പ്രകാരം ഓരോ ഏഴു മിനിട്ടിലും
ഒരാള്‍ക്ക് 'സ്മ്യതിനാശം' ആരംഭിക്കുന്നു. 2020 ഓടെ പ്രതിവര്‍ഷം 1.5
മില്ല്യണ്‍ ആളുകള്‍ ആത്മഹത്യ ചെയ്യുകയോ 15 മില്യണും നും 30 നും മില്യണും
ഇടയ്ക്ക് ആളുകള്‍ ആത്മഹത്യ ശ്രമം നടത്തുകയോ ചെയ്യും എന്ന് പ്രസ്തുത പഠനം
പ്രവചിക്കുന്നു. പെരുകുന്ന ആത്മഹത്യയുടെ മുഖ്യകാരണം വിഷാദരോഗം,
ആല്‍ക്കഹോളിസം എന്നിവയാണ്‌. 'സ്കിസോഫ്രേനിയയുടെ മാത്രം ചികിത്സയ്ക്കായി
2002 ല്‍ അമേരിക്കയില്‍  ചെലവിട്ടത്  562.7 ബില്യണ്‍ ഡോളര്‍ ആണ്‌ എന്ന
കണക്ക് മാത്രം മതി രാഷ്ട്രത്തിന്റെ മൊത്തം ആരോഗ്യത്തകര്‍ച്ചയില്‍
മാനസികരോഗങ്ങള്‍ക്കുള്ള പങ്ക് വ്യക്തമാകാന്‍.

             'ഭ്രാന്ത്' എന്ന് മലയാളി പറയുന്ന 'സ്കിസോഫ്രേനിയ 'യാണ്‌
മനോരോഗങ്ങളില്‍ പ്രധാനവിനാശകാരി. ചിന്താപ്രക്രിയയുടെ തകര്‍ച്ച
,വൈകാരികപ്രതികരണത്തിലെ വലിയ വ്യത്യാസങ്ങള്‍ എന്നിവ മുഖ്യ
ലക്ഷണങ്ങളായുള്ള ഈ രോഗത്തിനു ഫലപ്രദമായ ചികിത്സാരീതികളും ഔഷധങ്ങളും
ലഭ്യമായുണ്ടെങ്കിലും നമ്മുടെ തെരുവുകളിലും വീടകങ്ങളിലും നരകിക്കുന്ന,
'ഭ്രാന്തന്മാര്‍' എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് അത് ലഭിക്കുന്നില്ല
എന്നത്   സങ്കടകരമായ വസ്തുത തന്നെ. വികസിതരാജ്യങ്ങളില്‍ പോലും
സ്കിസോഫ്രേനിയ രോഗികള്‍ അവഗണനയും അപമാനവും പേറുന്നുണ്ട് എന്ന് വരുമ്പോള്‍
കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നഭരിതമാണെന്ന് വരുന്നു. റോഡിലൂടെ അലഞ്ഞു
തിരിയുന്ന രോഗികള്‍ അവിടെയും കാണാവുന്ന കാഴ്ചയാണത്രെ.സ്കിസോഫ്രേനിയ
രോഗികള്‍ക്ക് കൂട്ടായി  വിഷാദരോഗവും അമിതവ്യാകുലതയും ആല്‍ക്കഹോളിസവും
വരാറുണ്ട് പലപ്പോഴും. ദീര്‍ഘകാല തൊഴിലില്ലായ്മ,അലഞ്ഞു തിരിയല്‍,ദാരിദ്യം,
ആലംബമില്ലായ്ക തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങളും അയാളെ ബാധിക്കുന്നു.അമിത
ആത്മഹത്യ നിരക്കും 12 മുതല്‍ 15 വരെ വയസ്സിന്റെ ആയുസ്സു കുറവും ഈ
രോഗികളില്‍ ഉണ്ടാകുന്നു. 2011 ലെ കണക്കനുസരിച്ച്
ജീവിതത്തിലൊരിക്കലെങ്കിലും 'സ്കിസോഫ്രേനിയ ' ബാധിച്ചിട്ടുള്ള ആളുകള്‍ 0.3
% നും 0.7 ശതമാനത്തിനും ഇടയ്ക്കാണ്‌.സ്ത്രീകളെക്കാള്‍ ഒന്നര മടങ്ങ്
കൂടുതലായി പുരുഷന്മാരില്‍ കാണപ്പെടുന്ന സ്കിസോഫ്രേനിയ ചെറുപ്പക്കാരെയാണ്‌
കൂടുതലായി ബാധിക്കുന്നതായി കാണുന്നത്.

       ഇന്ന് മാനസികരോഗങ്ങളെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്രം വളരെയേറെ
പഠിച്ചു കഴിഞ്ഞു. ചികിത്സാരീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നു.
ഫലപ്രദമായ മരുന്നുകള്‍ , ഉപകരണങ്ങള്‍ എല്ലാം ഇന്ന് ലഭ്യമാണ്‌ മനോരോഗ
ചികിത്സയില്‍. 'ഭ്രാന്തന്‍' ഇന്ന് 'രോഗി'യാണ്‌ ;' ഭ്രാന്താലയം' പോയി പകരം
'ആശുപത്രി ' വന്നു.ലോകം മുഴുവനുമുള്ള മനുഷ്യരുടെ മാനസികാരോഗ്യം
മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായുള്ള പഠനഗവേഷണങ്ങള്‍,മറ്റു
പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്ന മേഖല എന്ന അര്‍ത്ഥത്തില്‍
സമീപകാലത്തായി ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് എന്നൊരു സങ്കല്പനം ഉദയം
കൊള്ളുകയുണ്ടായിട്ടുണ്ട്.

എന്നിട്ടും മാറുന്നില്ല മനോഭാവവും രോഗാതുരതയും

               മനോഭാവത്തില്‍ വരുന്ന മാറ്റം രോഗചികിത്സയെ ഗുണപരമായി
ബാധിക്കും എന്നതിന്‌ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.2002 ല്‍ ജപ്പാന്‍
'സ്കിസോഫ്രേനിയ' യ്ക്ക് അവരുടെ ഭാഷയില്‍ നിലവിലുണ്ടായിരുന്ന പദത്തിനു
'ബയോസൈക്കൊസോഷ്യല്‍' മാത്യക അനുസരിച്ചുള്ള മാറ്റം വരുത്തി.പഴയ വാക്കായ
'മൈന്റ് സ്പ്ലിറ്റ് ഡിസീസ് ' എന്നതു മാറി പകരം 'ഇന്റഗ്രേഷന്‍ ഡിസോഡര്‍'
എന്ന പുതിയ പദം വന്നു. മാറ്റം വലിയതായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് 30
മുതല്‍ 70 ശതമാനം വരെ ആളുകള്‍ കൂടുതലായി ചികിത്സ തേടിയെത്തി.

          മാനസിക ആരോഗ്യം എന്ന വിഷയം സംബന്ധമായി ഒരു സമഗ്രനയമോ നിയമമോ
ഉള്ള രാജ്യങ്ങള്‍ വികസിത ലോകത്തു പോലും കുറവാണ്‌ എന്നത് ഈ രംഗത്ത് ഇനിയും
വളരേണ്ട അവബോധത്തിന്റെ പ്രാധാന്യത്തെ കുറിക്കുന്ന ഘടകമാണ്‌ എന്ന്
കരുതപ്പെടുന്നു. ഇന്നും നമ്മള്‍  'മനോരോഗം ' എന്ന പദത്തേക്കാള്‍
'ഭ്രാന്ത്' എന്ന് പറയാന്‍ ആണ്‌ താത്പര്യപ്പെടുന്നത്.

ചികിത്സയിലെ പ്രധാനപ്രശ്നങ്ങള്‍

    എല്ലാ രംഗത്തും വളര്‍ച്ച കൈവന്നിട്ടും ലോകജനസംഖ്യയില്‍ 30 %
ആളുകള്‍ക്ക് ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന   മനോരോഗചികിത്സാ രംഗത്ത്
ഇന്നും വലിയ വിടവാണ്‌ ലോകവ്യാപകമായി നിലവിലുള്ളത്. ഭൂരിപക്ഷം
രോഗികള്‍ക്കും  ചികിത്സ ലഭിക്കുന്നില്ല. അമേരിക്കയില്‍ 31 % പേര്‍
രോഗബാധിതരാണ്‌ ;പക്ഷെ 67 % ആളുകള്‍ക്കും മതിയായ ചികിത്സ
കിട്ടുന്നില്ല.യൂറോപ്പിന്റെ കാര്യത്തില്‍ ഇത് യഥാക്രമം 27 % വും 74 % വും
ആണ്‌.ചൈനയില്‍ കടുത്ത മാനസിക പ്രശ്നങ്ങള്‍ ഉള്ള 11.1 % ആളുകള്‍ക്ക്
മാത്രമേ എന്തെങ്കിലും തരത്തിലുള്ള ചികിത്സ കിട്ടുന്നുള്ളൂ. താഴ്ന്ന
-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 83 ശതമാനത്തിലും പാര്‍ക്കിന്‍സണ്‍സ്
രോഗത്തിനുള്ള ചികിത്സയില്ല,25  % രാജ്യങ്ങളില്‍ അപസ്മാരത്തിനുള്ള
മരുന്നില്ല.വിഭവങ്ങളുടെ സമതുലിതമല്ലാത്ത പങ്കുവെക്കല്‍ -രാജ്യങ്ങള്‍
തമ്മിലും രാജ്യങ്ങള്‍ക്കുള്ളിലും-പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു.
ഉദാഹരണമായി ,ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഘടകത്തിനു അതിന്റെ
യൂറോപ്യന്‍ ഘടകത്തേക്കാള്‍ 200 മടങ്ങ്   സൈക്യാട്രിസ്റ്റുകള്‍
കുറവാണ്‌.മനോരോഗങ്ങള്‍ സ്യഷ്ടിക്കുന്ന ആതുരതകളുമായി താരതമ്യം
ചെയ്യുമ്പോള്‍ അവയുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും മുടക്കുന്ന പണം
കുറവാണ്‌ , ലോകവ്യാപകമായി. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്
'വിഷാദരോഗം' ഉള്ളവരില്‍ 25 % നും താഴെ പേര്‍ക്ക്(ചില രാജ്യങ്ങളില്‍ ഇത്
10 % നും താഴെയാണ്‌) മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ.
ലോകജനസംഖ്യയില്‍  75 % പേര്‍ക്കും ശരിയായ  മാനസികരോഗചികിത്സ
ലഭിക്കുന്നില്ല എന്ന് ലോകാരോഗ്യസംഘടന തന്നെ പറയുന്നു.

         പ്രസിദ്ധ വൈദ്യശാസ്ത്ര മാഗസിന്‍ ആയ 'ലാന്‍സെറ്റ്' 2007 ല്‍
നടത്തിയ പഠനത്തില്‍ മനോരോഗികള്‍ അവരുടെ രോഗാവസ്ഥയ്ക്ക് പുറമെ കടുത്ത
മനുഷ്യാവകാശലംഘനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന്
പറയുന്നു.മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഉള്ള അവഗണന ഈ നിലയില്‍
തുടര്‍ന്നാല്‍ മലേറിയ,ക്ഷയം, എയ്ഡ്സ് ഇവ മൂന്നും
ചേര്‍ന്നാലുള്ളതിനേക്കാള്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് ' ലാന്‍സെറ്റ്
'പഠനം ഭയപ്പെടുന്നു. യു .എന്‍ കണക്കനുസരിച്ച് ലോകത്തേറ്റവും കൂടുതല്‍
ആളുകളുടെ ജീവനെടുക്കുന്ന  പകര്‍ച്ച വ്യാധികളല്ലാത്ത നാല്‌ രോഗങ്ങളായ
പ്രമേഹം,ക്യാന്‍സര്‍,ഹ്യദ്രോഗം,ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത
കൂട്ടുന്നുണ്ട് മനോരോഗ ബാധ എന്നത് കൂടുതല്‍ ഗൗരവമായി കാര്യങ്ങളെ കാണേണ്ട
കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കാണിക്കുന്നു.

         'ട്രീറ്റ്മെന്റ് ഗ്യാപ്പ്' എന്ന് വൈദ്യശാസ്ത്രഭാഷയില്‍ പറയുന്ന
സ്ഥിതിവിശേഷം ഏറ്റവും കൂടുതല്‍ ഉള്ളത്
മാനസികരോഗങ്ങള്‍ക്കാണ്‌.താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ 76-85
% രോഗികള്‍ക്കും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 35-50 %
രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നില്ല.രോഗികള്‍ പലപ്പോഴും തങ്ങള്‍ക്ക്
അതുണ്ടെന്ന് സമ്മതിക്കുന്നില്ല. തനിക്ക് ഷുഗര്‍ ഉണ്ട്, പ്രഷര്‍ ഉണ്ട്
എന്ന് പറയുന്നതു പോലെ തനിക്ക് ഡിപ്രഷന്‍ ഉണ്ട് അല്ലെങ്കില്‍ താന്‍
ആല്‍ക്കഹോളിക് ആണ്‌ എന്ന് ഒരാളും പറയാത്ത സാഹചര്യം ചികിത്സ നല്‍കേണ്ട
പ്രാധാന്യം ഉള്ള ആദ്യഘട്ടത്തില്‍ തന്നെ അത് ലഭിക്കാതിരിക്കാന്‍
കാരണമാകുന്നു. രോഗചികിത്സയ്ക്കായുള്ള ഗവണ്മെന്റ് വിഹിതത്തിന്റെ
ലോകശരാശരി വെറും 4 % ആണ്‌.ചില രാജ്യങ്ങളില്‍ അത് വളരെ താഴെയും
ആണ്.താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ
മാനസികരോഗചികിത്സയ്ക്കാവശ്യമായ പ്രൊഫഷണലുകളുടെ എണ്ണത്തിലുള്ള വന്‍ കുറവ്
ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു.ആഫ്രിക്കയിലെ 720 മില്യണ്‍
ജനങ്ങള്‍ക്ക് ആകെ 1800 സൈക്യാട്രിസ്റ്റുകളേ ഉള്ളൂ എന്ന ഞെട്ടിക്കുന്ന
വസ്തുത പ്രശ്നത്തിന്റെ രൂക്ഷത വെളിപ്പെടുത്തും. ലോകാരോഗ്യ സംഘടനയുടെ
കണക്കനുസരിച്ച് 2011 ല്‍ 55000 സൈക്യാട്രിസ്റ്റുകള്‍   628000 നഴ്സുമാര്‍
 493000 മനോരോഗ ശുശ്രൂഷകര്‍ എന്നിവരുടെ കുറവുണ്ട് 144 താഴ്ന്ന-ഇടത്തരം
വരുമാനമുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്.

         മനോരോഗങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ തക്കതായ വിധത്തില്‍
തലച്ചോറിന്റെ ഘടനയും പ്രവര്‍ത്തനത്തെയും പറ്റി മനസ്സിലാക്കാന്‍ ഇനിയും
ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല എന്നത് ഈ രംഗത്തെ പ്രശ്നങ്ങളില്‍
പ്രധാനപ്പെട്ടതാണ്‌. എങ്കിലും ഒട്ടേറേ മനോരോഗങ്ങള്‍ക്ക് ഫലപ്രദമായ
ചികിത്സയും ഔഷധങ്ങളും ഇന്ന് ലഭ്യമാണ്‌,പക്ഷെ അവ ഏറ്റവും
ആവശ്യമായുള്ളവര്‍ക്കല്ല എന്നു മാത്രം.

എന്തൊക്കെയാണ്‌ പരിഹാരമാര്‍ഗങ്ങള്‍ ?

ലോകാരോഗ്യ സംഘടനയുടെ 2001 ലെ വേള്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ്‌
പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ ആദ്യമായി
നിര്‍ദ്ദേശിച്ചിട്ടുള്ളത്. രോഗാരംഭത്തിലേയുള്ള ചികിത്സ,ആവശ്യമായ
മരുന്നുകളുടെ ലഭ്യത, സാമൂഹിക ശ്രദ്ധ നല്‍കല്‍, ജനങ്ങളെ
ബോധവത്കരിക്കല്‍,സമൂഹത്തെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തല്‍,ദേശീയ
നയങ്ങള്‍,നിയമങ്ങള്‍,പരിപാടികള്‍ എന്നിവ ആരംഭിക്കല്‍,മാനവശേഷിയുടെ
വികസിപ്പിക്കല്‍,മറ്റ് മേഘലകളുമായുള്ള ബന്ധപ്പെടുത്തല്‍,സാമൂഹ്യ
മാനസികാരോഗ്യത്തെ മേല്‍നോട്ടം ചെയ്യല്‍,കൂടുതല്‍ ഗവേഷണങ്ങള്‍ എന്നീ 10
നിര്‍ദ്ദേശങ്ങളാണ്‌ ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.

2 comments:

  1. ഇഷ്ടമായി, share ചെയ്യുന്നു

    ReplyDelete
  2. ഇഷ്ടമായി, share ചെയ്യുന്നു

    ReplyDelete