Thursday, January 24, 2019

ജീവിതത്തെ വരയ്ക്കുന്നവര്‍


           കൂട്ടുകാര്‍ എല്ലാവര്‍ക്കും ചിത്രങ്ങള്‍ ഇഷ്ടമാണല്ലോ അല്ലേ? ചിലരൊക്കെ
നന്നായി വരയ്ക്കുകയും ചെയ്യുന്നവരായിരിക്കും. ഇന്ന് നമുക്ക്
വര്‍ണ്ണങ്ങളുടെ ലോകത്തെ മഹാപ്രതിഭകളായ കുറച്ച് ചിത്രകാരന്മാരെ
പരിചയപ്പെട്ടാലോ?

         
ഹോളണ്ടിലെ ഒരു പട്ടണത്തില്‍ജീവിക്കുന്ന ദരിദ്രനായ ഒരു
ചിത്രകാരന്‍; അവനൊരു കൂട്ടുകാരന്‍. കൂട്ടുകാരനെ അഗാധമായി സ്നേഹിക്കുന്ന
ചിത്രകാരനും അവനും തമ്മില്‍ഒരു ദിവസം  വലിയ കലഹം നടന്നു. കൂട്ടുകാരനെ
നഷ്ടപ്പെട്ടതില്‍ ഭ്രാന്തമായ അവസ്ഥയിലെത്തിയ കലാകാരന്‍തന്റെ ചെവി സ്വയം
മുറിച്ച് ഒരുവള്‍ക്കയച്ചു കൊടുത്തു!! കൂട്ടുകാര്‍ക്കറിയാമോ ആരാണാ ചിത്രകാരനെന്ന്? അദ്ദേഹത്തിന്റെ പേരാണ്‌ വിന്‍സെന്റ് വാന്‍ഗോഗ്.
              പോസ്റ്റ് ഇംബ്രഷനിസം എന്ന ചിത്രകലാരീതിയുടെ ആചാര്യനായ വാന്‍ഗോഗിന്റെ
ചിത്രങ്ങള്‍ കാണാത്തതോ അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കാത്തതോ ആയ
സഹ്യദയര്‍ ആരുമുണ്ടാകില്ല. എന്നാല്‍ നമ്മുടെ ഈ മഹാപ്രതിഭാശാലി വലിയ
ദാരിദ്യത്തില്‍ ആണ്‌ ജീവിച്ചിരുന്നത് .
           ഇന്ന് ലോകത്തേറ്റവും വില വരുന്ന ചിത്രങ്ങളുടെ സ്രഷ്ടാവായ അദ്ദേഹത്തിന്റെ പെയിന്റിംഗുകളെ പുകഴ്ത്താനോ വിലമതിക്കാനോ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തയ്യാറായത്   വളരെക്കുറച്ച് ആളുകള്‍ മാത്രമായിരുന്നു. 1998 ല്‍അദ്ദേഹത്തിന്റെ ഒരു സെല്‍ഫ്
പോട്രെയിറ്റ് വിറ്റു പോയത് അന്നു വരെ ഒരു പെയിന്റിംഗിനു ലഭിച്ച ഏറ്റവും
കൂടുതല്‍തുകയ്ക്കായിരുന്നു : 71.5 കോടി ഡോളര്‍! നിറങ്ങളുടെ ഉപയോഗം,
പ്രകാശത്തിന്റെ വിന്യാസം, വസ്തുക്കള്‍ക്ക് നല്‍കുന്ന പുതിയ മാനം
എന്നിവയാണ്‌വാന്‍ഗോഗിന്റെ ചിത്രരചനാ രീതിയുടെ പ്രധാനസവിശേഷതകള്‍.  'ദ
സ്റ്റാറി നൈറ്റ്' ,'സൂര്യകാന്തിപ്പൂക്കള്‍' , 'പൊട്ടാറ്റോ ഈറ്റേര്‍സ്' ,
'ക്രോസ് ഓവര്‍വീറ്റ്ഫീല്‍ഡ്' എന്നിവയാണ് വാന്‍ഗോഖിന്റെ വിഖ്യാത രചനകള്‍.
അദ്ദേഹത്തിന്റെ സെല്‍ഫ് പോട്രെയിറ്റുകള്‍പോലെ സഹ്യദയരെ ആകര്‍ഷിച്ചവ
മറ്റധികമൊന്നും കാണില്ല. പരുക്കന്‍സൗന്ദര്യം, വികാരപരമായ സത്യസന്ധത ,
നിറങ്ങളുടെ പൂര്‍ണത എന്നിവയാല്‍ആധുനിക ചിത്രകലയെ ആഴത്തില്‍സ്വാധീനിച്ച
വാന്‍ഗോഗ് ജനിച്ചത് 1853 ല്‍ഹോളണ്ടിലെ സൂണ്‍ഡെര്‍ട്ട് എന്ന
ഗ്രാമത്തിലാണ്‌.ഗൗരവപ്രക്യതിയും നിശ്ശബ്ദനും ചിന്താശീലനുമായിരുന്ന കൊച്ചു
വാന്‍ഗോഖ് ബാല്യത്തിലേ ചിത്രകലയോട് ഭ്രാന്തമായ താത്പര്യം
പുലര്‍ത്തിയിരുന്നു. ജീവിക്കാനായി പല തൊഴിലുകളും ചെയ്ത അദ്ദേഹം 1880
കളില്‍ആണ്‌ഒരു ചിത്രകാരന്റെ ജീവിതം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ആദ്യകാല
രചനകള്‍ഗ്രാമങ്ങളിലെ കാര്‍ഷിക ജീവിതത്തെ ചിത്രീകരിക്കുന്നവ
ആയിരുന്നു.തുടര്‍ന്ന് 'ഇംബ്രഷനിസം' എന്ന ചിത്രകലാ
രീതിയാല്‍സ്വാധീനിക്കപ്പെട്ട വാന്‍ഗോഗ് കടുത്ത വര്‍ണങ്ങളും ശക്തമായ
വരകളും ചേര്‍ന്ന തന്റേതായ ശൈലിക്ക് രൂപം നല്‍കി. 1890 ല്‍ആത്മഹത്യയിലൂടെ
മടങ്ങിപ്പോയ വാന്‍ഗോഗ് അവശേഷിപ്പിച്ചത് ലോകത്തെ എന്നെന്നും
ആനന്ദിപ്പിക്കുന്ന എണ്ണൂറിലധികം ചിത്രങ്ങളായിരുന്നു.



'ഗൂര്‍ണിക്ക' എന്ന പെയിന്റിംഗിനെ കുറിച്ച് കേട്ടിട്ടുണ്ടോ? യുദ്ധത്തിന്റെ
ഭീകരതയും അതിനിരയാകുന്ന മനുഷ്യരുടെ ദൈന്യതയും ചിത്രീകരിക്കുന്ന ഈ ചിത്രം
പലപ്പോഴും യുദ്ധവിരുദ്ധതയുടെ ചിഹ്നം ആയി കണക്കാക്കപ്പെടുന്നു. ഇരുപതാം
നൂറ്റാണ്ടിലെ ചിത്രകലയെ ഏറെ സ്വാധീനിച്ച പ്രതിഭാശാലിയായ സ്പാനിഷ് ചിത്രകാരന്‍പാബ്ലോ പിക്കാസോ ആണീ ചിത്രത്തിന്റെ സ്രഷ്ടാവ്. സ്പെയിനിലെ ആന്‍ഡലൂഷ്യന്‍ പ്രദേശത്തെ മലാഗ എന്ന സ്ഥലത്ത് 1838 ല്‍ജനിച്ചു, പിക്കാസോ. മറ്റ് ചിത്രകാരന്മാരെപ്പോലെ ബാല്യകാലം മുതല്‍ക്കല്ല മറിച്ച് ശൈശവം മുതലേ
പിക്കാസോ ചിത്രകലയില്‍ ആക്യഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ അമ്മ
അനുസ്മരിക്കുന്നു, പിക്കാസോ ആദ്യമായി ഉച്ചരിച്ച വാക്ക് 'പെന്‍സില്‍'
എന്നര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'ലാപിസ്' എന്നതിന്റെ കുഞ്ഞുരൂപം ആയ
'പിസ്' ആയിരുന്നു എന്ന് ! ഏഴാം വയസ്സു മുതല്‍അദ്ദേഹത്തിന്‌ചിത്രകലാ
പരിശീലനം ലഭിച്ചു. പരമ്പരാഗത രീതിയില്‍പഠനം തുടങ്ങിയ പിക്കാസോ ഒരു
വിഗ്രഹഭഞ്ജകനായാണ്‌ ചിത്രകലാ ലോകത്ത് തുടക്കം കുറിച്ചത്.1900
ല്‍ പാരീസില്‍ സ്ഥിരതാമസമാക്കിയ പിക്കാസോ തന്റെ കലാജീവിതത്തിന്റെ ബാക്കി
കാലഘട്ടം മുഴുവന്‍അവിടെ താമസിച്ചു. 1907 ല്‍വരച്ച 'അവിഗ്നോണിലെ
സ്ത്രീകള്‍' എന്ന പെയിന്റിംഗ് 'ക്യൂബിസം' ചിത്രകലാ രീതിയ്ക്ക് തുടക്കം
കുറിച്ചു. വസ്തുക്കളെ അവയുടെ യഥാര്‍ഥ രൂപത്തില്‍നിന്ന് വിഘടിപ്പിക്കുകയും
പിന്നീട് അവയെ അമൂർത്തമായ രീതിയിൽ സംയോജിപ്പിക്കുകയും ചെയ്യുന്ന
കലാശൈലിയാണ് ക്യൂബിസം.  പിക്കാസോയുടെ ഏറ്റവും മഹത്തായ കലാസ്യഷ്ടിയായി
കണക്കാക്കപ്പെടുന്നത് 'ഗൂര്‍ണിക്ക'യാണ്‌. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത്
ഗൂര്‍ണിക്ക എന്ന സ്ഥലത്തെ ജര്‍മ്മന്‍ബോംബിംഗ് ആണ്‌ ആ ചിത്രത്തിന്റെ
പ്രചോദനം.യുദ്ധത്തിന്റെ മാനവികവിരുദ്ധത,ക്രൂരത, പ്രതീക്ഷാരാഹിത്യം എന്നിവ
തുറന്നു കാണിക്കുന്ന 'ഗൂര്‍ണിക്ക' എക്കാലത്തെയും മികച്ച പെയിന്റിംഗ്
തന്നെയായി ഗണിക്കപ്പെടുന്നു.



ലോകത്തിലെ ഏറ്റവും മനോഹരവും ഗൂഢവുമായ ചിരി ആരുടേതാണെന്നറിയാമോ? ഉത്തരം പല
കൂട്ടുകാര്‍ക്കും അറിയാമായിരിക്കും : 'മൊണാലിസ'യുടേത്. ഈ
മന്ദസ്മിതത്തിന്റെ സ്രഷ്ടാവ് , താന്‍ജീവിച്ചിരുന്ന കാലത്ത്
'വിശ്വമാനവന്‍' എന്നറിയപ്പെട്ട നവോത്ഥാനകാല ഇറ്റാലിയന്‍കലാകാരനായ
ലിയോണാര്‍ഡോ ഡാവിഞ്ചിയാണ്‌.ലോകത്ത് ജനിച്ച മനുഷ്യരില്‍ഏറ്റവും
പ്രതിഭാശാലി എന്ന് വാഴ്ത്തെപ്പെടുന്ന ഡാവിഞ്ചിയ്ക്ക് താത്പര്യം
ഇല്ലാതിരുന്ന ഒരു വിഷയവും അന്നില്ലായിരുന്നത്രെ.ചിത്രകാരന്‍, ശില്പി,
വാസ്തുശില്പി,സംഗീതജ്ഞന്‍,ശരീരശാസ്ത്രജ്ഞന്‍,എഞ്ചിനീയര്‍,സസ്യശാസ്ത്രജ്ഞന്‍,ഗണിതജ്ഞന്‍....ഇതെല്ലാമായിരുന്നു
ഡാവിഞ്ചി.
               1452 ല്‍ഇറ്റലിയില്‍ജനിച്ച ഡാവിഞ്ചിയുടെ ആദ്യ മികച്ച ചിത്രം 1480 ലെ
'അനൂണ്‍സിയേഷന്‍' ആണ്‌. മിലാനിലെ സാന്താമരിയ ഡെല്ലാ ഗ്രാസിയേയുടെ
ചുവരില്‍ ഡാവിഞ്ചിയുടെ പ്രതിഭ വിരിയിച്ച 'അവസാനത്തെ അത്താഴം' എന്ന ചിത്രം
ലോകത്തേറ്റവും  ആസ്വദിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും ആയ
കലാസ്യഷ്ടിയാണ്‌.  1498 ല്‍പൂര്‍ത്തിയാക്കിയ ഈ ചിത്രവും മറ്റ് ഡാവിഞ്ചി
ചിത്രങ്ങള്‍പോലെ പല നിഗൂഡതകളും ഒളിപ്പിച്ച് വെച്ചിട്ടുള്ള ഒന്നാണെന്ന്
കരുതപ്പെടുന്നു.  മറ്റൊരു പ്രശസ്ത ചിത്രം 'വിര്‍ജിന്‍ഓഫ് റോക്ക്സ്' ആണ്‌.
1503 ല്‍ആരംഭിച്ച് 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കപ്പെട്ട 'മൊണാലിസ'
സത്യത്തില്‍ഡാവിഞ്ചിയേക്കാള്‍ പ്രസിദ്ധമാണെന്ന് പറയാം.'മൊണാലിസ'യുടെ ചിരി
ഇന്നും പലതരം വ്യാഖ്യാനങ്ങള്‍ക്കും വിധേയമാകുന്ന ഒന്നാണ്‌, ലോകം
ഒടുങ്ങുവോളം നിലനില്‍ക്കുന്ന ദിവ്യമായ  ചിരി .




ആരാണീ കൊമ്പന്‍മീശക്കാരന്‍ എന്ന് കരുതുന്നുവോ ? തന്റെ ജീവിതം പോലെ തന്നെ
വിചിത്രവും ഭ്രമാത്മകവുമായ പെയിന്റിംഗുകളുടെ കര്‍ത്താവായ സാല്‍വദോര്‍ദാലി
എന്ന ചിത്രകാരനാണീ മീശക്കാരന്‍.1904 ല്‍സ്പെയിനിലെ കാറ്റലോണിയയില്‍ജനിച്ച
ദാലി 'സര്‍റിയലിസം' എന്ന ചിത്രകലാ രീതിയുടെ ജനയിതാവാണ്‌.അതിരില്ലാത്ത
ഭാവനയുടെ ഉടമയായിരുന്ന ദാലി തന്റെ ചിത്രങ്ങളില്‍രൂപങ്ങളെ സ്വപ്നസമാനമായും
മായാദ്യശ്യങ്ങളെന്നവണ്ണവും ആവിഷ്കരിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ
രചനാശൈലിയുടെ ഏറ്റവും മികച്ച ഉദാഹരണം ആയ 'പെര്‍സിസ്റ്റന്‍സ് ഓഫ് മെമ്മറി'
എന്ന വിഖ്യാത ചിത്രം 1931 ല്‍ആണ്‌പൂര്‍ത്തിയായത്. ഉരുകിയൊലിക്കുന്ന ആ
വാച്ച് ആധുനിക കാലത്തിന്റെ നേര്‍മുദ്രയായി
വിലയിരുത്തപ്പെടുന്നു. ഉറപ്പുള്ളതും പൂര്‍വനിശ്ചിതവും ആയ കാലം എന്ന
സങ്കല്പത്തെ നിരാകരിക്കുന്ന ഈ മഹത്തായ പെയിന്റിംഗ് ഒട്ടേറെ ചര്‍ച്ച
ചെയ്യപ്പെട്ട ഒന്നാണ്‌.


           അദ്ദേഹത്തിന്റെ വിചിത്ര ജീവിതശൈലി പലപ്പോഴും ദാലിയെ തന്റെ
ചിത്രങ്ങളെക്കാള്‍പ്രസിദ്ധമാക്കിയിരുന്നു.ചിത്രകലയ്ക്ക് പുറമെ
സാഹിത്യത്തിലും സിനിമയിലും അദ്ദേഹത്തിന്റെ 'സര്‍റിയലിസം' സ്വാധീനം
ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനാരീതി,വിചിത്രമായ
ആശയങ്ങള്‍,വസ്ത്രധാരണം, കുടുംബജീവിതം ഇവയെല്ലാം
വാര്‍ത്തകള്‍സ്യഷ്ടിച്ചിരുന്നു ജീവിതകാലത്ത്.'കണ്ടാമൃഗത്തിന്റെ
കൊമ്പുകൾ',ക്രിസ്തുവിന്റെ കുരിശുമരണം ചിത്രീകരിയ്ക്കുന്ന 'ക്രൂസിഫിക്ഷൻ'
എന്നിവയാണ്‌ പ്രസിദ്ധമായ മറ്റ് ചിത്രങ്ങള്‍.




         മനുഷ്യജീവിതത്തിന്റെ നിറച്ചാര്‍ത്തുകള്‍മാത്രമല്ല, അതിന്റെ
ഇരുണ്ട വശങ്ങളും ചിത്രകാരന്മാര്‍ക്ക് വിഷയമായിട്ടുണ്ട്. 'കറുത്ത
ചിത്രങ്ങള്‍' എന്ന ചിത്രപരമ്പര രചിച്ച സ്പാനിഷ് ചിത്രകാരന്‍ ഫ്രാന്‍സിസ്കോ ഗോയ അത്തരം കലാകാരന്മാര്‍ക്ക് ഉദാഹരണം ആണ്‌.പഴയകാല ചിത്രകലയുടെ അവസാനവും
ആധുനിക ചിത്രകലയുടെ ഉദയവും സന്ധി ചേരുന്നത് ഗോയയില്‍ ആണെന്ന് കരുതപ്പെടുന്നു. സ്പെയിനിലെ അരഗോണ്‍പ് രവിശ്യയില്‍1746 ല്‍ ജനിച്ച ഗോയ സ്പെയിനിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക ചിത്രകാരനായിരുന്ന അദ്ദേഹത്തിന്റെ മനോഭാവത്തിലും രചനയിലും പ്രകടമായ ഒരു വഴിത്തിരിവ് ആയത് 1792 ൽ  ബാധിച്ച കടുത്ത ജ്വരം ആയിരുന്നു. രോഗം മൂലം ബധിരത ബാധിച്ച ഗോയ  അന്തർമുഖനായി
മാറി. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ
മനുഷ്യമനസ്സിന്റെ , ജീവിതത്തിന്റെ ഇരുണ്ട മൂലകളെ
സ്പര്‍ശിക്കുന്നവയായിരുന്നു. 'ഭ്രാന്തന്മാർക്കൊപ്പം മുറ്റത്ത്'  പോലുള്ള
ചിത്രങ്ങള്‍അദ്ദേഹത്തിന്റെ മനോനിലയെക്കൂടി കാണിക്കുന്നവ ആയിരുന്നു.തന്റെ
ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍അദ്ദേഹത്തിന്റെ രചനാരീതി
കൂടുതല്‍അസാധാരണമായി മാറി.പിന്നീട് അദ്ദേഹത്തില്‍നിന്ന് വന്നത്
മനോവിഭ്രാന്തി, ചിത്തഭ്രമം,ഭ്രമാത്മകത എന്നിവയെ വിഷയമാക്കിയുള്ള
ചിത്രങ്ങൾ ആയിരുന്നു. 'കറുത്ത ചിത്രങ്ങൾ' എന്നറിയപ്പെട്ട ഈ രചനകളിൽ
അദ്ദേഹം സ്വീകരിച്ച ശൈലി പിൽക്കാലത്തെ എക്സ്പ്രഷനിസ്റ്റ്
പ്രസ്ഥാനത്തിന്റെ മുന്നോടിയായി. ഗോയയുടെ ഏറ്റവും മഹത്തായ കലാസ്യഷ്ടിയായി
കണക്കാക്കപ്പെടുന്നത്  'ശനി മക്കളെ തിന്നുന്നു'(Saturn Devouring His
Sons) എന്ന ചിത്രമാണ്‌.1819 ല്‍വരച്ച ഇത് ആധുനികരായ നമുക്ക്
മനുഷ്യാവസ്ഥയെക്കുറിച്ചറിയാൻ ഏറ്റവും സഹായകമായ രചന
എന്നാണ്‌ വിശേഷിക്കപ്പെടുന്നത്.

1 comment:

  1. മാതൃഭൂമി വിദ്യയിൽ പ്രസിദ്ധീകരിച്ചത്

    ReplyDelete