Thursday, January 24, 2019

കുഞ്ഞന്‍ ടെക്നോളജി !


   കൂട്ടുകാര്‍ വായിച്ച പല കഥകളിലും വസ്തുക്കളെ ഞൊടിയിടയില്‍
അപ്രത്യക്ഷമാക്കി മറ്റൊരിടത്ത് എത്തിക്കുന്ന മാന്ത്രികവിദ്യയെക്കുറിച്ച്
കേട്ടിട്ടുണ്ടാകും അല്ലെ? അത്തരം വിദ്യകള്‍ വര്‍ത്തമാനകാലത്തും
സാദ്ധ്യമാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അസാദ്ധ്യം എന്ന്
തോന്നുന്നുണ്ടോ? എന്നാല്‍ അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ ! അത്തരം
സാങ്കേതിക വിദ്യകളൊക്കെ ഭാവിയില്‍ വരുമെന്ന് ശാസ്ത്രം പറയുന്നു.'നാനോ
ടെക്നോളജി ' എന്ന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഗവേഷണങ്ങള്‍ നടന്നു
വരുന്ന 'ടെലിപോർട്ടേഷൻ' എന്ന വിദ്യ വിജയമായാല്‍  ഒരു വസ്തുവിനെ ഒരു
ബിന്ദുവിൽ നിന്ന്  അപ്രത്യക്ഷമാക്കി അതിന്റെ കൃത്യമായ ആറ്റോമിക ഘടന
മറ്റൊരു സ്ഥലത്തേക്ക്‌ അയച്ച്‌ അവിടെവെച്ച്‌ ആ വസ്തുവിനെ
പുന:സൃഷ്ടിക്കുന്ന അത്ഭുതവിദ്യ സാധ്യമാകും !ഭാവിയുടെ  സങ്കേതിക വിദ്യ  എന്നറിയപ്പെടുന്ന നാനോ 'ടെക്‌നോളജി' യെക്കുറിച്ച് കൂട്ടുകാര്‍ക്ക് അറിയാമോ ? ഇല്ലെങ്കില്‍ ഇതാ കുറച്ച്
കാര്യങ്ങള്‍...

             
ദ്രവ്യത്തെ അതിന്റെ ഏറ്റവും സൂക്ഷ്മതലത്തില്‍ കൈകാര്യം ചെയ്യാൻ
സഹായിക്കുന്ന സാങ്കേതികവിദ്യയാണ്‌ നാനോടെൿനോളജി. നാനോമീറ്റർ എന്നതിന്റെ
ചുരുക്കരൂപമാണ് 'നാനോ' എന്ന് അറിയപ്പെടുന്നത്. ഒരു മീറ്ററിന്റെ
നൂറുകോടിയിൽ ഒരംശം ആണ് ഒരു നാനോമീറ്റർ. ദ്രവ്യത്തെ  നാനോതലത്തിൽ
ചെറുതാക്കി  രൂപപ്പെടുത്തുമ്പോൾ അത് ഭൗതിക-കാന്തിക-രാസ മാറ്റങ്ങൾക്ക്
വിധേയമാകും. ഇങ്ങനെ നാനോ അവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
പ്രയോജനപ്പെടുത്തി നവീനവും കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങൾ നിർമിക്കുക
എന്നതാണ് നാനോസാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം. ചുരുക്കത്തില്‍ ,
നമ്മുടെ കണ്ണില്‍ പെടാത്ത 'ഇത്തിരിക്കുഞ്ഞന്‍' സാധനങ്ങള്‍
നിര്‍മ്മിക്കുന്ന മാന്ത്രികവിദ്യ തന്നെ അല്ലെ 'നാനോ ടെക്നോളജി' ?
വൈദ്യശാസ്ത്രം, കാര്‍ഷിക ഗവേഷണം, ഔഷധനിര്‍മ്മാണം, പ്രതിരോധരംഗം,
വ്യവസായം, എന്‍ജിനീയറിങ്, ടെക്‌സ്‌റ്റൈയില്‍സ് എന്നുവേണ്ട സമസ്ത
മേഖലകളിലും നാനോ ടെക്നോളജി സര്‍വസാധാരണമാകുന്ന കാലം വരുന്നു.   ബൾബുകളിൽ
ഫിലമെന്റിനു പകരമായും കൃത്രിമ അവയവങ്ങളുടെ നിർമ്മാണത്തിനും ഭുകമ്പം
കേടുവരുത്താത്ത കെട്ടിടങ്ങളുടെ നിർമ്മാണത്തിനും കാർബൺ നാനോ ട്യുബുകൾ
ഉപയോഗിക്കാൻ സാധിക്കും.നാമുപയോഗിക്കുന്ന മിക്ക ഉപകരണങ്ങളുടെയും വലിപ്പം
കുറയും എന്നതുതന്നെയാണ്‌ നാനോ ടെൿനോളജിയുടെ ഏറ്റവും വലിയ സാധ്യത.
കമ്പ്യൂട്ടര്‍,മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഭാരം കുറയ്ക്കാനും അവയുടെ
കൈകാര്യം കൂടുതല്‍ എളുപ്പമാക്കാനും സാധിക്കും .'എൻസൈക്ലോപീഡിയാ ഒഫ്
ബ്രിട്ടാനിക്ക'യുടെ മുഴുവൻ പേജുകളും ഒരു മൊട്ടുസൂചി മുനയിൽ
ഉൾക്കൊള്ളിക്കാനാകും ഇന്ന്.
(ചിത്രം 1: രണ്ട് സെ.മീ മാത്രം നീളമുള്ള റോബോട്ട്.ഇതിലും ചെറുത്
വരാനിരിക്കുന്നു ! http://electronics.howstuffworks.com/nanorobot6.htm)


സയന്‍സ് ഫിക്ഷന്‍ പുസ്തകങ്ങളിലോ കാര്‍ട്ടൂണ്‍ സിനിമകളിലോ
ഇത്തിരിക്കുഞ്ഞന്‍ റോബോട്ടിനെ കണ്ട് അതിശയപ്പെട്ടിട്ടുണ്ടാകും
കൂട്ടുകാര്‍ . ഇതാ 'നാനോ ടെക്നോളജി' യില്‍ നിര്‍മ്മിച്ച കുഞ്ഞന്‍
റോബോട്ട് ! മനുഷ്യന്‌ ചെന്നെത്താന്‍ കഴിയാത്ത അപകടം നിറഞ്ഞ മേഖലകളില്‍
ഇവന്‍ അനായാസം കടന്നു ചെല്ലും . കടുത്ത തണുപ്പോ വമ്പന്‍ ചൂടോ
ആഴക്കടലിന്റെ ഭീതിയോ  ഇവനെ തെല്ലും അലട്ടില്ല. അഗ്നിബാധ മുതല്‍
അന്യഗ്രഹയാത്ര വരെ ഈ കൊച്ചുവീരന്മാര്‍ കൈകാര്യം ചെയ്യും . 'നാനോ ബോട്ട്'
എന്ന് ഇവരെ ചുരുക്കി വിളിക്കാം.
ചിത്രം 2 http://future-tech-inovation.blogspot.in/2011/04/claytronics-new-basic-fundamentals-nano.html

വൈദ്യശാസ്ത്ര രംഗത്ത് 'നാനോ ടെക്നോളജി'ക്ക് വലിയ സാധ്യതകള്‍ ഉണ്ട്.
നമ്മുടെ വളരെ നേര്‍ത്ത സിരകളിലൂടെ കടത്തി വിട്ടാല്‍  അതിസൂക്ഷ്മമായ
അന്തര്‍ഭാഗ ശസ്ത്രക്രിയകള്‍ ചെയ്ത് തിരികെ വരുന്ന യന്ത്രങ്ങള്‍
പരീക്ഷണാര്‍ഥത്തില്‍ വിജയിച്ചു കഴിഞ്ഞു. മനുഷ്യന്റെ കണ്ണുകളും കരങ്ങളും
എത്താത്ത ശരീരഭാഗങ്ങളില്‍ ഈ ചെറുയന്ത്രങ്ങള്‍ പോയി 'റിപ്പയറിംഗ്'
നടത്തും.ഹ്യദ്രോഗ ചികിത്സയില്‍ ഇത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കും.അടഞ്ഞു
പോയ രക്തക്കുഴലുകള്‍ തുരന്ന് വ്യത്തിയാക്കും ഈ മിടുക്കന്മാര്‍. നമ്മുടെ
ശരീരത്തെ ആക്രമിക്കുന്ന രോഗാണുക്കളുടെ അതേ വലിപ്പമുള്ള കാവല്‍
യന്ത്രങ്ങള്‍ കൊണ്ട് രോഗാണുക്കളെ തുരത്തിയോടിക്കാന്‍ കഴിയുന്ന
രീതിയിലാണ്‌ ശാസ്ത്രഭാവന പോകുന്നത്. അതു പോലെ കാന്‍സര്‍ ചികിത്സയിലും
നാനോ ടെക്നോളജി വലിയ മാറ്റങ്ങള്‍ വരുത്തും . കാന്‍സര്‍ ബാധിത കോശങ്ങളെ
നശിപ്പിക്കാന്‍ കഴിയുന്ന 'ഡി.എന്‍.എ.റോബോട്ട്' പരീക്ഷണശാലയില്‍
ഒരുങ്ങിക്കഴിഞ്ഞു.നാനോ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ക്യത്രിമ
അവയവങ്ങളും എല്ലുകളും അണിയറയില്‍ ഒരുങ്ങുന്നു.

(ചിത്രം 3 : ഡി.എന്‍.എ റോബോട്ട്
http://deathisobsolete.com/nano-scale-robots-kill-cancer-cells/)



യുദ്ധത്തിലും ചാരപ്രവര്‍ത്തനത്തിനും 'നാനോ ടെക്നോളജി' യെ അടിസ്ഥാനമാക്കി
സൂക്ഷ്മായുധങ്ങള്‍,ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കാം എന്ന് ഗവേഷണങ്ങള്‍
പറയുന്നു.  യുദ്ധരംഗത്ത് ശത്രുവിന്റെ പാളയത്തില്‍ അദ്യശ്യനായി വന്ന്
രഹസ്യങ്ങള്‍ ചോര്‍ത്തുന്ന 'സൂപ്പര്‍ ഹീറോ' ഇനി യാഥാര്‍ഥ്യമാകും അല്ലെ?
ശത്രുസങ്കേതത്തിനരികില്‍ പറന്നു വന്നിരിക്കുന്ന ചെറുപക്ഷിയെ ആരെങ്കിലും
ശ്രദ്ധിക്കുമോ ? പക്ഷെ അവന്‍ ഒരു ചാരറോബോട്ട് ആണെങ്കില്‍ ? കാര്യങ്ങള്‍
കുഴഞ്ഞതു തന്നെ ! കാര്യങ്ങളൊക്കെ മനസ്സിലാക്കി അപ്പപ്പോള്‍ തന്റെ
യജമാനന്‌ വിവരങ്ങള്‍ എത്തിച്ചു കൊടുക്കും ഈ ചാരന്‍ ! ഉയർന്ന
താപസഹനശേഷിയും  ഉറപ്പും ഉള്ള റോക്കറ്റ് ഘടക നിർമിതിയിലും കാര്യമായ
ചലനങ്ങൾ ഉണ്ടാക്കാൻ നാനോ ടെക്നോളജിക്കകുന്നുണ്ട്.  ഭാരം കുറഞ്ഞ പോർമുനകൾ
ഉണ്ടാക്കാനുള്ള കണ്ടുപിടുത്തങ്ങളും മുന്നേറുന്നുണ്ട്.
കൂടാതെ യുദ്ധമേഖലയിൽ ചെറു ജൈവ ബോംബുകൾ ഉണ്ടാക്കാനും  വൻ വിപത്ത്
വരുത്താനും കഴിയും .യുദ്ധ  കാര്യങ്ങൾക്കുവേണ്ടി പടച്ചു വിടുന്ന
നാനോബോട്ടുകൾ നിയന്ത്രണം വിട്ടാൽ പിന്നെ നശിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല
എന്നു മാത്രം !
അപ്പോള്‍ നന്മയ്ക്കു മാത്രമല്ല തിന്മയ്ക്കും ഈ ശാസ്ത്രശാഖയെ ഉപയോഗിക്കാം
എന്ന് മനസ്സിലായില്ലേ?

(ചിത്രം 4 : നാനോഹമ്മിംഗ് ബേര്‍ഡ് -യുദ്ധരംഗത്ത് ഇവന്‍ മൂളിപ്പറക്കും
!http://www.inewidea.com/2011/12/08/42529.html )


കാര്‍ഷികമേഖലയിലും നാനോ ടെക്നോളജി ഗവേഷണങ്ങള്‍ നടന്നു വരുന്നുണ്ട്.
സസ്യങ്ങളിലെ പ്രകാശസംശ്ലേഷണത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ച്
കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നാനോ ടോണിക്കുകള്‍
വിപണിയിലെത്തിക്കഴിഞ്ഞു. പരിസ്ഥിതിയ്ക്കും ജീവികള്‍ക്കും ഹാനികരമായ അമിത
കീടനാശിനി പ്രയോഗം ഒഴിവാക്കാന്‍ നാനോ ടെക്നോളജി ഭാവിയില്‍ സഹായിക്കും.
നാനോ കീടനാശിനികളില്‍ വളരെ ചെറിയ അളവ് മാത്രമേ രാസവസ്തുക്കള്‍ വേണ്ടി വരൂ
,അവ ഫലപ്രദമായി കീടങ്ങളെ ചെറുക്കുകയും ചെയ്യും. (ചിത്രം 6)

          ഭക്ഷ്യരംഗത്തും ഈ  സാങ്കേതികവിദ്യ വന്നു കഴിഞ്ഞു. നമ്മുടെ ശരീരത്തിനു
സാധാരണ ഭക്ഷണത്തില്‍ നിന്ന് സ്വീകരിക്കാന്‍ കഴിയുന്നതിനേക്കാള്‍
വേഗതയിലും അളവിലും പോഷകങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന തരത്തില്‍ നാനോ
വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച 'നാനോഭക്ഷണം' വിപണിയില്‍
എത്തിക്കഴിഞ്ഞു.മനുഷ്യനു ചെയ്യാന്‍ വളരെയേറെ പ്രയാസം ഉള്ള തരം
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും
നാനോ ടെക്നോളജി സഹായകമാണ്‌. വലിയ
ഉയരമുള്ള ടവറുകളും മറ്റും നിര്‍മ്മിക്കാനും അവയിലെ യന്ത്രഭാഗങ്ങളുടെ
കേടുകള്‍ തീര്‍ക്കാനും നാനോ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാം.

(ചിത്രം 5 : നാനോ ഹെലികോപ്ടര്‍ : ആറ് മീറ്റര്‍ ഉയരമുള്ള ഒരു ടവര്‍
ഫ്രാന്‍സില്‍ നിര്‍മ്മിച്ചു  ഇവനും കൂട്ടുകാരും,കഴിഞ്ഞ ഫെബ്രുവരിയില്‍
http://www.inewidea.com/tag/robot)

No comments:

Post a Comment