Saturday, June 12, 2010

ഇന്നത്തെ ലോകകപ്പ് വാർത്ത

തോല്‍ക്കാതെ ആഫ്രിക്ക
Posted on: 12 Jun 2010

എം.പി. സുരേന്ദ്രന്‍


ജൊഹാനസ്ബര്‍ഗ്: വുവുസേലയുടെ ശബ്ദതരംഗങ്ങളില്‍ ഉത്തേജിതരായി ഉണര്‍ന്നു കളിച്ച ആതിഥേയരായ ദക്ഷിണാഫ്രിക്ക ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയെ സമനിലയില്‍ പിടിച്ചു (1-1). നിറഞ്ഞുതുളുമ്പിയ സോക്കര്‍സിറ്റി സ്റ്റേഡിയത്തിന്റെ അതിരുകളില്ലാത്ത പിന്തുണയുണ്ടായിട്ടും, ആഫ്രിക്കയില്‍ വിരുന്നെത്തിയ കന്നി ലോകകപ്പില്‍ വിജയത്തോടെ തുടക്കം കുറിക്കാന്‍ മഴവില്‍ രാജ്യത്തിന് ഭാഗ്യമുണ്ടായില്ല. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം ഷബലാലയുടെ മനോഹരമായ ഗോളിലൂടെ മുന്നിലെത്തിയ ദക്ഷിണാഫ്രിക്ക വിജയം വരുതിയില്‍ നിര്‍ത്തുമെന്ന് തോന്നിച്ചു. പക്ഷേ കളിതീരാന്‍ പതിനൊന്ന് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പരിചയസമ്പന്നനായ കാവല്‍ഭടന്‍ റാഫേല്‍ മാര്‍ക്കേസ് മെക്‌സിക്കോയെ ഒപ്പമെത്തിച്ചു. അവസാന മിനിറ്റില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌ട്രൈക്കര്‍ എംഫേലയുടെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചിരുന്നില്ലെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ.

മെക്‌സിക്കോയുടെ പ്ലേമേക്കര്‍ ഡോസ് സാന്റോസും ഗോളി ഇതുമെലങ് ഖുനെയും തമ്മിലുള്ള കടുത്ത പോരാട്ടമായിരുന്നു ഒന്നാം പകുതിയുടെ സവിശേഷത. കളംനിറഞ്ഞുകളിച്ച സാന്റോസിന് പക്ഷേ ഖുനെയെ കീഴടക്കാനായില്ല. പിന്തള്ളപ്പെട്ടതിന്റെ ആഘാതമൊന്നും കാട്ടാതെ രണ്ടാം പകുതിയില്‍ മുന്നേറിക്കളിക്കാന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയുടെ സംഘത്തിനായി. പ്രത്യാക്രമണത്തിലൂടെ 55-ാം മിനിറ്റില്‍ ഷബലാല ഗോള്‍ നേടിയതോടെ കളി ദക്ഷിണാഫ്രിക്കയുടെ നിയന്ത്രണത്തിലായി. അവസാന ഘട്ടത്തില്‍ കോട്ടകാക്കുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധത്തിന് കഴിഞ്ഞില്ല. ഗോള്‍മുഖത്തുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് മാര്‍ക്കേസ് നേടിയ ഗോള്‍ മെക്‌സിക്കോയ്ക്ക് ആശ്വാസമേകി

1 comment: